മൂന്നാഴ്ചക്ക് മുൻപ്, ഞായറാഴ്ചയാണ്, രാവിലെ വാട്സാപ്പിലേക്ക് കുറച്ച് ഫോട്ടോകളെത്തി. പാറശാലയിൽ നിന്ന് ചില വാർത്തകളുടെ കാര്യം പറയാൻ ഇടയ്ക്ക് വിളിക്കാറുള്ളയാളാണ്. ഫോട്ടോ നോക്കിയപ്പോൾ ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ എന്ന ലേബലൊട്ടിച്ച വെളിച്ചെണ്ണ കുപ്പി. കാര്യം മനസിലാകാത്തതുകൊണ്ട് തിരിച്ചുവിളിച്ചു. അദ്ദേഹത്തിന് പങ്കുവെക്കാനുള്ളത് ഒരു സംശയമായിരുന്നു. പാറശാലയിലെ ഒരു കടയിൽ നിന്ന് അദ്ദേഹം 270 രൂപ കൊടുത്ത് വാങ്ങിച്ചതാണ് ആ ഒരു ലീറ്റർ വെളിച്ചെണ്ണ. പൊതുവിപണിയിൽ ലീറ്ററിന് 500 രൂപ മുകളിൽ വിലയുള്ളപ്പോൾ ചില കടകളിൽ മാത്രം അതിന്റെ പകുതി വിലയ്ക്ക് എങ്ങനെ വെളിച്ചെണ്ണ ലഭിക്കും?. സംശയം ന്യായം. ഇത്തരം വെളിച്ചെണ്ണ കൂടുതൽ കടകളിൽ കിട്ടുന്നുണ്ടോയെന്ന് അന്വേഷിക്കാമോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിച്ച് ഫോൺ വെച്ചു.
പിറ്റേ ദിവസം തന്നെ അദ്ദേഹം തിരിച്ചുവിളിച്ചു. പാറശാല, നെയ്യാറ്റിൻകര ഭാഗത്തെല്ലാം ഈ വിലകുറഞ്ഞ എണ്ണ വ്യാപകമാണെന്ന് പറഞ്ഞു. ഇതോടെ അത്ര വലിയ വിലക്കുറവിലുള്ള വിൽപനയിൽ പന്തികേടുണ്ടെന്ന് തോന്നിയതോടെ അന്വേഷിക്കാൻ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ തീരുമാനിച്ചു.
തട്ടുകടക്കാരുടെ വേഷത്തിലേക്ക്
നേരെ പാറശാലയിലേക്ക്. കൂടെ കാമറാമാൻ ജയൻ കല്ലുമലയും സാരഥി ബിജു ഉത്രവും. പാറശാലയിലെത്തി ഒരു കടയിൽ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിച്ചു. കുപ്പിയിലെ ലേബലിൽ തന്നെ നമ്പറുണ്ട്. എങ്കിലും നമ്പരിൽ ആദ്യം നേരിട്ട് വിളിച്ചില്ല. എണ്ണ വാങ്ങിയ കടയിൽ തന്നെ ചോദിച്ചു. ഈ എണ്ണ എവിടെ നിന്ന് കിട്ടുന്നുവെന്ന്. വിലക്കുറവായതിനാൽ കൂടുതലായി എടുക്കാനാണെന്നാണ് ന്യായം പറഞ്ഞത്. കേരള തമിഴ്നാട് അതിർത്തിയായ പളുഗലിലെ മില്ലിൽ നിന്നാണെന്ന് മനസിലായി.
മില്ല് കണ്ടെത്തിയതോടെ ഉടായിപ്പാണെന്ന് ഉറപ്പായി. പല തട്ടുകടക്കാരും ഹോട്ടലുകാരുമൊക്കെ ഇവിടെ വന്ന് എണ്ണ വാങ്ങിക്കൊണ്ട് പോകുന്നതായും പരിസരത്ത് നിന്ന് മനസിലായി. അതോടെ തട്ടുകടക്കാരെന്ന വ്യാജേന റിപ്പോര്‍ട്ടര്‍ ആദ്യം കുപ്പിയിലും മില്ലിലെ ബോർഡിലും കണ്ട നമ്പറിലേക്ക് വിളിച്ചു. തിരുവനന്തപുരത്തെ ആര്യനാട് തട്ടുകട നടത്തുന്നവരാണെന്നും വെളിച്ചെണ്ണക്ക് വിലകൂടിയതോടെ കച്ചവടം നഷ്ടമായതിനാൽ വില കുറഞ്ഞ എണ്ണ അന്വേഷിക്കുകയാണെന്നും പറഞ്ഞായിരുന്നു ഫോൺ വിളിച്ചത്. മറുതലയ്ക്കൽ ഒരു സംശയവും തോന്നാതെ അവര്‍ ആ നുണ വിശ്വസിച്ചു. കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാനുണ്ടെന്നും നേരിൽ വന്നാൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
വിശ്വസിച്ച് എങ്ങനെ ഭക്ഷണം കഴിക്കും?
രണ്ട് ദിവസം കഴിഞ്ഞു, നേരെ പാറശാലയ്ക്ക് സമീപം പളുഗലിലേക്ക്. ജീൻസും ഷർട്ടുമൊക്കെ മാറ്റി തട്ടുകടക്കാരെന്ന് തോന്നിപ്പിക്കാൻ ഞാനും ജയൻ കല്ലുമലയും ബിജു ഉത്രവും ടീ ഷർട്ടും ലുങ്കിയുമൊക്കെയാക്കി വേഷം. ആദ്യം പോയത് മില്ലിനുള്ളിലേക്ക്. അവിടെ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. എണ്ണ കൊണ്ടുപോകുന്ന കുറച്ച് കന്നാസുകളും തകരപ്പെട്ടികളുമൊക്കെ. അവിടെ നിന്ന് വിളിച്ചപ്പോൾ തമിഴ്നാട്ടിലെ നാഗർകോവിലിന് സമീപമുള്ള മാർത്താണ്ഡത്ത് എത്താൻ പറഞ്ഞു.
അവിടെ എത്തി പരിചയപ്പെട്ടതോടെ അദ്ദേഹം കാര്യത്തിലേക്ക് കടന്നു. മൂന്ന് ക്വാളിറ്റിയിലുള്ള എണ്ണയുണ്ട്. ഒന്നാം ക്വാളിറ്റിക്ക് 420 രൂപ. രണ്ടാമത്തേതിന് 390. മൂന്നാം തരത്തിനാണ് 290. എന്താണ് ക്വാളിറ്റി വ്യത്യാസത്തിന് കാരണമെന്ന് ചോദിച്ചതോടെ ഒരു മടിയും കൂടാതെ പറഞ്ഞു, ശുദ്ധമായ വെളിച്ചെണ്ണയൊന്നുമല്ല, മിക്സിങ്ങാണെന്ന്. അവരല്ല മിക്സ് ചെയ്യുന്നത്, തമിഴ്നാട്ടിലെ ഈറോഡിനടുത്ത് കാങ്കേയത്ത് നിന്ന് മിക്സ് ചെയ്ത് കൊണ്ടുതരുന്നതാണെന്നും വിശദമാക്കി. പത്തും നൂറും ലീറ്ററായിട്ടൊന്നും അവർ മിക്സഡ് എണ്ണ കൊണ്ടു തരില്ല. ഒരു വരവിൽ തന്നെ കുറഞ്ഞത് ആയിരം ലീറ്ററെങ്കിലും വാങ്ങണം. എന്തായാലും ഇപ്പോൾ മിക്സഡ് വെളിച്ചെണ്ണ അതിൽ കൂടുതൽ പോകുന്നുണ്ടെന്ന് പറഞ്ഞ് ഒരു സന്തോഷച്ചിരിയും അദ്ദേഹം പാസാക്കി.
ഇത്രയും അധികം ആവശ്യക്കാർ വരാൻ കാരണമെന്താണെന്ന് ചോദിച്ചതോടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. കന്യാകുമാരി ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമുള്ള നാൽപ്പതിലധികം തട്ടുകടക്കാരും ഇരുപതോളം ഹോട്ടലുകാരും ഇപ്പോൾ ഈ എണ്ണ വാങ്ങാറുണ്ട്. അവരെല്ലാം നേരത്തെ ഒന്നാം ക്വാളിറ്റിയെണ്ണ വാങ്ങിയിരുന്നവരാണ്. വെളിച്ചെണ്ണ വില പിടിച്ചാൽ കിട്ടാത്ത തരത്തിൽ ഉയർന്നതോടെയാണ് ഈ മൂന്നാം തരത്തിലേക്ക് കടന്നതത്രേ. അദ്ദേഹം പറഞ്ഞ ഹോട്ടലുകളുടെ പട്ടികയിൽ രണ്ട് മൂന്നെണ്ണത്തിലെങ്കിലും ഞങ്ങൾ പലതവണ കയറി ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോയെന്ന് ഓർത്തപ്പോൾ ചങ്കൊന്ന് പെടച്ചു.
തട്ടുപ്പുകാരുടെ വിദഗ്ദ ഉപദേശങ്ങൾ
ഹോട്ടലിൽ ഈ വിലകുറഞ്ഞയെണ്ണ ഉപയോഗിച്ചാൽ ഭക്ഷണം കഴിക്കില്ലേയെന്ന് ചോദിച്ചതോടെ അദ്ദേഹം ഒരു പാചകവിദഗ്ദനായി മാറി. പിടിക്കപ്പെടാതിരിക്കാൻ രണ്ട് മാർഗങ്ങളാണ് അദ്ദേഹം ഉപദേശിച്ചത്. ഒന്ന് ചിക്കനും ബീഫും പോലെ മസാലചേർത്തുണ്ടാക്കുന്ന കറികൾക്കൊക്കെ ഈ എണ്ണ ഉപയോഗിക്കാം. മസാല രുചിയും ചേർന്ന് വരുന്നതുകൊണ്ട് പെട്ടന്ന് ആരും തിരിച്ചറിയില്ല. എന്നാൽ വെജിറ്റേറിയൻ കറികൾ, ചിപ്സ്, പലഹാരങ്ങൾ പൊരിക്കാനൊന്നും ഉപയോഗിക്കരുത്. പലരും തിരിച്ചറിയുമത്രേ.
രണ്ടാമത്തെ വഴിയായിരുന്നു കൂടുതൽ വിദഗ്ധോപദേശം നിറഞ്ഞത്. ഈ വില കുറഞ്ഞ എണ്ണ നേരിട്ട് ഉപയോഗിക്കരുത്. വിലകുറഞ്ഞ എണ്ണയും രണ്ടാം ക്വാളിറ്റി എണ്ണയും ചേർത്ത് മിക്സ് ചെയ്യണം. അതും വെറുതേ മിക്സ് ചെയ്താൽ പോര, വിലകുറഞ്ഞ എണ്ണ 70 ശതമാനവും രണ്ടാം ക്വാളിറ്റിയെണ്ണ 30 ശതമാനവും എന്ന രീതിയിൽ വേണമത്രേ മിക്സ് ചെയ്യാൻ. അല്ലെങ്കിൽ ചൂടാക്കികഴിയുമ്പോൾ മോശം മണവും പതയുമൊക്കെയുണ്ടാകും. വേഗം പിടിക്കപ്പെടുമത്രേ.
തട്ടുകടക്കാർ എന്ന് പറഞ്ഞതുകൊണ്ട് വേറെ ഒരു ഉപദേശം കൂടി ഫ്രീയായി തന്നു. ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഒന്നാം ക്വാളിറ്റിയെണ്ണ വേണം ഉപയോഗിക്കാൻ. കാരണം കഴിക്കുന്നവർക്ക് വേഗം ഓംലെറ്റിലെ എണ്ണയുടെ മണം കിട്ടും. നല്ലയെണ്ണ ഉപയോഗിക്കുമ്പോൾ അവര്‍ കരുതും എല്ലാ ഭക്ഷണത്തിനും നല്ല എണ്ണയാണെന്ന്. എന്നാൽ കറികൾക്കും വറക്കാനും പൊരിക്കാനും മോശം എണ്ണ ഉപയോഗിക്കുകയും ചെയ്യാം. അപ്പോൾ ആരും തിരിച്ചറിയില്ലത്രേ.
എന്തായാലും വിദഗ്ധോപദേശം എല്ലാം വിശ്വസിച്ചെന്ന തരത്തിൽ കേട്ടിരുന്ന ഞങ്ങൾ മോശം എണ്ണക്ക് വേണ്ടി വിലപേശിതുടങ്ങി. ഒടുവിൽ ലീറ്ററിന് 255 രൂപയ്ക്ക് ഉറപ്പിച്ചു. അങ്ങനെ കച്ചവടം ഉറപ്പിച്ച് കയ്യും കൊടുത്ത്, സാംപിൾ കാണാനായി ഞങ്ങൾ ഇറങ്ങി.
കഴിച്ചോ, പക്ഷെ തലയിൽ തേക്കരുത്
സാംപിൾ കാണാനെത്തിയത് അദ്ദേഹത്തിന്റെ സഹോദരന്റെ കടയിലാണ്. അവിടെ മിക്സ് ചെയ്ത എണ്ണ കുപ്പിയിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. കടുംനിറത്തിലുള്ള എണ്ണ. മണത്തൊക്കെ നോക്കിയ ശേഷം ഞങ്ങൾ സാംപിളെടുത്തു. ആ സമയം കടയിലുണ്ടായിരുന്ന അദ്ദേഹം തട്ടിപ്പിന്റെ മറ്റൊരു സാധ്യതകൂടി പറഞ്ഞ് തന്നു. ഈ സാധ്യത ഹോട്ടലുകാർക്കും തട്ടുകടക്കാർക്കുമൊന്നുമല്ല, കച്ചവടക്കാർക്കാണ്. അതും മിക്സിങ് തന്നെ. അതാണ് മൂന്നാം തരം എണ്ണക്കൊപ്പം കുറച്ച് ഒന്നാം തരം എണ്ണയും വാങ്ങണം. എന്നിട്ട് കുപ്പിയിൽ നിറക്കുമ്പോൾ രണ്ടും കൂട്ടിച്ചേർക്കണം. എന്നിട്ട് ഒന്നാം തരം എണ്ണയെന്ന പേരിൽ കൂടിയ വിലയ്ക്ക് വിൽക്കണം. അതായത് 270 രൂപയ്ക്ക് എണ്ണ മേടിച്ച് മിക്സ് ചെയ്ത് 500 ലേറെ രൂപയ്ക്ക് വില്‍ക്കുന്ന ലാഭത്തട്ടിപ്പ്.
അത് ഗംഭീര ഐഡിയാണല്ലോയെന്നൊക്കെ പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയ ഞങ്ങൾക്ക് അവസാനമായി ഒരു ഉപദേശം കൂടി. എണ്ണ തലയിൽ പുരട്ടരുത്, മുടിപൊഴിയും. ഭക്ഷണത്തിൽ ചേർക്കാം, തലയിൽ പുരട്ടരുതെന്ന വിചിത്ര ഉപദേശം കേട്ട് അടുത്ത ആഴ്ച വരാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി. വ്യാജവെളിച്ചെണ്ണയുടെ സാംപിളുമായി.
വ്യാജനെന്ന് ഉറപ്പിച്ച് പരിശോധന
വ്യാജനെന്ന് ഞങ്ങളോ കച്ചവടക്കാരോ പറയുന്നതല്ലല്ലോ അന്തിമം. അത് ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പിക്കണം. അതിനുള്ള വഴി ലാബിൽ കൊടുക്കുകയാണ്. തിരുവനന്തപുരത്ത് സർക്കാർ അനലിസ്റ്റ്സ് ലാബിൽ എണ്ണയുടെ സാംപിൾ കൊടുത്തു. വെളിച്ചെണ്ണ പരിശോധിക്കാൻ ആറായിരം രൂപയാണ്. ഫലം ലഭിക്കാൻ പത്ത് ദിവസമെടുത്തു. ഒടുവിൽ ഫലം തന്നെ ഉദ്യോഗസ്ഥ സാക്ഷ്യപ്പെടുത്തിയത്–ഇതിനെ വെളിച്ചെണ്ണയെന്ന് മാത്രം വിളിക്കരുതെന്ന്.