ethihad-rail-3

മേഖലയിലെ യുദ്ധസമാനമായ സംഘർഷങ്ങൾക്കിടയിൽ പ്രതീക്ഷയുടെ വെളിച്ചമായി ഇത്തിഹാദ് റെയിൽ . വിമാനങ്ങൾ നിലയ്ക്കുകയും അതിർത്തിയിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങുകയും ചെയ്ത അടിയന്തര ഘട്ടത്തിലാണ് ഈ സ്വപ്ന പദ്ധതി രക്ഷകനായെത്തിയത്. ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ കരുണയുടെ ട്രാക്കിലൂടെ മുന്നൂറ്റമ്പതോളം പേരെ അബുദാബിയിലെത്തിച്ചാണ് റെയിൽവേയുടെ കന്നിയോട്ടം.

സൗദി-യുഎഇ അതിർത്തിയായ അൽ ഗുറൈഫാത്തിൽ കുടുങ്ങിയ യാത്രക്കാർക്കാണ് ഈ സ്പെഷ്യൽ സർവീസ് തുണയായത്. സംഘർഷം മൂലം മറ്റ് യാത്രാമാർഗങ്ങൾ അടഞ്ഞതോടെ പൗരന്മാരും താമസക്കാരും അവിടെ ഒറ്റപ്പെടുകയായിരുന്നു. അബുദാബി എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ നിർദേശപ്രകാരം മിന്നൽ വേഗത്തിലാണ് ട്രെയിൻ സജ്ജമാക്കിയത്. 

ചരക്കുനീക്കത്തിനായി ഒരുക്കിയ പാതയിലൂടെ ആദ്യമായി യാത്രക്കാരെയും വഹിച്ച് പാസഞ്ചർ ട്രെയിൻ നീങ്ങി. ഗുറൈഫാത്തിൽ നിന്ന് അബുദാബിയിലെ അൽ ഫയ സ്റ്റേഷനിലേക്കായിരുന്നു ഈ ചരിത്ര യാത്ര. ഇവർക്കായി ട്രെയിനിൽ ഭക്ഷണവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും മുൻകൂട്ടി ഒരുക്കിയിരുന്നു.അബുദാബിയിലെത്തിയ യാത്രക്കാരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകിയാണ് അധികൃതർ സ്വീകരിച്ചത്. 

അബുദാബിയിലെത്തിയവർക്ക് താമസസ്ഥലത്തേക്ക് പോകാൻ പ്രത്യേക ബസ് സൗകര്യവും നൽകി. പ്രതിസന്ധികളിൽ തളരാതെ, ആധുനിക സൗകര്യങ്ങളെ എങ്ങനെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ്  ഇത്തിഹാദ് റെയിലിന്റെ ഈ സ്പെഷ്യൽ സർവീസ്