kollam-temple-attack-3

 

കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രോല്‍സവത്തിനിടെ മര്‍ദനമേറ്റ പതിനെട്ടുകാരന് മസ്തിഷ്ക മരണം. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റത്. മദ്യപസംഘമാണ് ഹരികൃഷ്ണനെ തടികൊണ്ട് അടിച്ചത് . 

 

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മരുത്തടിയിലെ സഹോദരിയുടെ വീട്ടിൽ ഉല്‍സവത്തിനെത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യലഹരിയിലെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. 

 

മർദ്ദനത്തിനിടെ തടിക്കഷണം കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഹരികൃഷ്ണന്റെ നില അതീവ ഗുരുതരമായതോടെ പ്രതികൾ ഒളിവിൽ പോയതായി സൂചനയുണ്ട്. ശക്തികുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

An 18-year-old youth from Kunnathoor died after suffering severe head injuries during an assault at a temple festival in Kollam’s Shaktikulangara. The attack reportedly occurred during the Maruthadi temple procession when a group of intoxicated men allegedly beat him with a wooden stick. Despite the incident happening five days ago, the accused have not yet been arrested, triggering protests from relatives and locals who allege political influence behind the delay. Police have registered a case and intensified the investigation.