pellet-gun-attack-cjp

സി.ജെ.പിയുടെ പാര്‍‌ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച റാപ്പിഡ് ആക്​ഷൻ ഫോഴ്സ് (ആർഎഎഫ്) ഉദ്യോഗസ്ഥനെ കണ്ടെത്തി. പെല്ലെറ്റ് ഗൺ ഉപയോഗിച്ച് ഏഴ് റൗണ്ടാണ് വെടിയുതിർത്തത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റെന്നാണ് കണ്ടെത്തല്‍. ഇവരില്‍ മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ മാധ്യമപ്രവർത്തകനും പരുക്കേറ്റിരുന്നു.

അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ മാനദണ്ഡം അനുസരിച്ചായിരുന്നില്ല എന്ന് ആർഎഎഫ് മേധാവി തന്നെ സമ്മതിച്ചതായാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകനത്തിലാണു ആർഎഎഫ് മേധാവി വീഴ്ച സമ്മതിച്ചത്. അതേസമയം ഈ വിഷയത്തിൽ തുടർ നടപടിയുണ്ടാകുമോ എന്നു വ്യക്തമല്ല.

അതേസമയം, സിജെപിയുടെ മാർച്ചിനിടെ പ്രതിഷേധകാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുക. സമാധാനപരമായി  മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു, ബലംപ്രയോഗിച്ചു തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങൾ. പെൺകുട്ടികളെ പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്നും ഡൽഹി പൊലീസിനെതിരെ കേസെടുക്കണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു.

നേരത്തെ ഈ ഹർജികളിലൊന്ന് പരാമർശിക്കാൻ ശ്രമിക്കവേ കോടതിക്ക് സമയമില്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം വിവാദമായിരുന്നു. കേസിന്റെ വിശദാംശങ്ങൾ അഭിഭാഷകൻ ധരിപ്പിച്ചില്ല എന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു. കൂടാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നീറ്റ് പരീക്ഷാ പരിഷ്‌കരണ നടപടികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കിയേക്കും. പരീക്ഷ ക്രമക്കേടുകള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പൊതു പരീക്ഷ നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുകയും ചെയ്യും.

ENGLISH SUMMARY:

Authorities have identified the Rapid Action Service (RAF) official who fired seven rounds of pellet guns at students during a CJP parliament march, injuring five individuals, with an internal home ministry review confirming that the crowd control measures violated standard norms. Concurrently, the Supreme Court's three-judge bench led by the Chief Justice is scheduled to hear petitions challenging police action against protesters, which allege severe misconduct including lathi charges, tear gas use, and physical abuse of female students by male officers. Additionally, the central government is expected to respond today to petitions questioning NTA's NEET exam reforms, while a public examinations amendment bill aimed at preventing irregularities is set to be introduced in the Lok Sabha.