മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി. നടപടികള്‍ മരവിപ്പിക്കണമെന്ന റോജി അഗസ്റ്റിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി. വിചാരണ കോടതിയെ സമീപീക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി
മുട്ടിൽ മരംമുറി കേസിൽ ജാമ്യമില്ല വാറന്റിന്റെ അടിസ്ഥാനത്തിൽ ഒന്നാംപ്രതി റോജി അഗസ്റ്റിൻ നേരത്തെ കോടതിയിൽ ഹാജരായിരുന്നു. എറണാകുളം അമ്പലമേട് പൊലീസ് എടുത്ത വിശ്വാസ വഞ്ചനാ കേസിലാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ റോജി അഗസ്റ്റിൻ ഹാജരായത്. ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടും മൂന്നും പ്രതികളായ ജോസുകുട്ടി അഗസ്റ്റിനും, ആന്റോ അഗസ്റ്റിനും കോടതിയിൽ ഹാജരായിരുന്നു.
ഇതോടെ ഇവർക്കെതിരെയുള്ള ജാമ്യമില്ല വാറൻ്റ് കോടതി പിൻവലിച്ചു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നാണ് എറണാകുളം അമ്പലമേട് പൊലീസിന്‍റെ കേസ്
മുട്ടിൽ മരംമുറി തട്ടിപ്പു കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ വിചാരണക്കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. കേസിൽ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയാണു വിചാരണ നടപടികൾ തുടങ്ങിയത്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്നു മുറിച്ചുകടത്തിയ കള്ളത്തടി രേഖകളുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു വിൽപന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്നാണു പരാതി. കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാർ നൽകിയ പരാതിയിൽ അമ്പലമേട് പൊലീസാണു വഞ്ചനാക്കുറ്റത്തിനു കേസെടുത്തു പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ 3 പേരും വയനാട് മുട്ടിലിലെ സംരക്ഷിത വിഭാഗത്തിൽപെട്ട ഈട്ടി (റോസ്‌വുഡ്), തേക്ക് ഉൾപ്പെടെയുള്ള 8 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ വൻതോതിൽ മുറിച്ചു കടത്തിയെന്ന കേസിലും പ്രതികളാണ്.
2021 ജൂലൈ 13ന് റജിസ്റ്റർ ചെയ്ത കേസിൽ പല ഗഡുക്കളായി മര വ്യാപാരിയിൽനിന്നു മുൻകൂർ തുക കൈപ്പറ്റിയ പ്രതികൾ അനധികൃതമായി മുറിച്ച 54 കഷണം കള്ളത്തടികളാണു കൈമാറിയത്. തടി നിയമപരമായി വിൽക്കുന്നതിനും കടത്തുന്നതിനുമുള്ള രേഖകൾ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ പണം തിരികെനൽകണമെന്നും അലിയാർ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയാറായില്ല. ഇക്കാര്യം കുറ്റപത്രവും ശരിവയ്ക്കുന്നുണ്ട്. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ജോസ്‌കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും നൽകിയ വിടുതൽ ഹർജികൾ ജൂലൈയിൽ കേരള ഹൈക്കോടതി തള്ളി. തടി കടത്തുന്നതിനോ വിൽക്കുന്നതിനോ പ്രതികൾക്കു നിയമപരമായ അധികാരമില്ലെന്ന വനംവകുപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയത്.