ശബരിമല ബേസ് ക്യാംപായ നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. പത്തിലധികം മണ്ണുമാന്തി യന്ത്രങ്ങളും ലോറികളുമാണ് പാര്‍ക്കിങ് ഗ്രൗണ്ട് തയ്യാറാക്കാന്‍ പ്രയത്നിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായാണ് നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ട് തയാറാക്കുന്നത്. യോഗം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും പണികള്‍ ഇഴയുകയാണ്. പത്തിലധികം മണ്ണുമാന്തി യന്ത്രങ്ങള്‍, ടിപ്പര്‍ ലോറികള്‍. മണ്ണ് മാറ്റുന്നു, ലോറികളില്‍ കയറ്റി അടുത്ത സ്ഥലത്ത് ഇറക്കുന്നു. ഒരു കനത്ത മഴ പെയ്താല്‍ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ എല്ലാം ചെളിക്കുളം ആകും. ഇതൊന്നും നോക്കാതെയാണ് മണ്ണെടുപ്പും നിരത്തലും. പുതിയതായി നിര്‍മിക്കാന്‍ പോകുന്ന ജര്‍മന്‍ പന്തലുകളില്‍ അടക്കം മണ്ണ് നിറയ്ക്കുന്നതേയുള്ളു.
നേരത്തേ പ്രഖ്യാപിച്ച മുന്നൊരുക്കം തുടങ്ങാത്തതിന്റെ പ്രശ്നങ്ങളാണ് നിലയ്ക്കലിലും പമ്പയിലും കാണുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മാണവും ഇഴയുകയാണ്. ചിലയിടത്ത് പൂട്ടുകട്ടകള്‍. ചിലയിടത്ത് ടാറിങ്. മറ്റിടങ്ങളിലെ റോഡുകളിലും മണ്ണ് നിറയ്ക്കുന്നതേയുള്ളു. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സജ്ജമായില്ലെങ്കില്‍ നിലയ്ക്കലില്‍ ഗതാഗതക്കുരുക്കും രൂക്ഷമാകും.
12 പാര്‍ക്കിങ് ഗ്രൗണ്ടുകളാണ് ലക്ഷ്യമിടുന്നത്. പാര്‍ക്കിങ് എ.ഐ. കാമറകള്‍ ഉപയോഗിച്ച് നിരീക്ഷിക്കാനാണ് തീരുമാനം. ചെളിക്കളത്തിലേക്ക് വാഹനങ്ങള്‍ വരാന്‍ മടിച്ചാല്‍ പ്രതിസന്ധിയാകും. ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടന്നു വരാതിരിക്കാനുള്ള ബാരിക്കേഡുകളുടെ നിര്‍മാണം തുടങ്ങിയിട്ടേയുള്ളു. നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസിന് അടക്കം സംവിധാനം ഒരുങ്ങിയെങ്കിലും റോഡും പാര്‍ക്കിങ്ങും പ്രതിസന്ധിയാകും.