• കേന്ദ്രസര്‍ക്കാര്‍ കണക്ക് പ്രകാരം E20 പെട്രോളില്‍ ക്ലോറൈഡിന്‍റെ അനുവദനീയമായ അളവ് പരമാവധി 3ppm വരെയാണ്. എന്നാല്‍ രാജസ്ഥാനില്‍ ഇത് 6 മുതല്‍ 570 പാര്‍ട്സ് പെര്‍ മില്യണ്‍ (ppm) ഉം, ഡല്‍ഹിയില്‍ 1.4 മുതല്‍ 420 ppm ഉം, മഹാരാഷ്ട്രയില്‍ 10 മുതല്‍ 357 ppm ഉം ആണ്. കേരളത്തില്‍ 1 മുതല്‍ 2.2 ppm ആണ് കണ്ടെത്തിയത്.

20 ശതമാനം എഥനോള്‍ ചേര്‍ന്ന പെട്രോള്‍ വാഹനങ്ങളില്‍ സുരക്ഷിതമല്ലെന്ന ആശങ്ക രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ ഇമെയില്‍ മുഖേനെ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 21 സംസ്ഥാനങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ച ശേഷമാണ് ആശങ്ക പ്രകടിപ്പിച്ച് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവര്‍ കേന്ദ്രസര്‍ക്കാരിന് ഇമെയില്‍ സന്ദേശമയച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇ 20 പെട്രോളിലെ ക്ലോറൈഡും ഈര്‍പ്പവും വാഹനങ്ങള്‍ക്ക് അപകടകരമാണെന്നാണ് വാഹന നിര്‍മാതാക്കള്‍ അയച്ച ഇമെയിലില്‍ ഉള്ളത്. പൊതുവിടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നുവെങ്കിലും E20 വാഹനങ്ങള്‍ക്ക് കേടുവരുത്തുമെന്ന് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്നും റോയിട്ടേഴ്സ് വിശദീകരിക്കുന്നു. ജൂലൈ 28നാണ് മെയില്‍ അയച്ചത്. എന്നാല്‍ E20 സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ കത്ത് വാഹന നിര്‍മാതാക്കള്‍ പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

18 സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച E20 പെട്രോള്‍ സാംപിളുകളില്‍ ഉയര്‍ന്ന അളവില്‍ ക്ലൈറൈഡും ഈര്‍പ്പവും കണ്ടെത്തിയെന്നാണ് പരിശോധനാഫലം. കേന്ദ്രസര്‍ക്കാര്‍ കണക്ക് പ്രകാരം E20 പെട്രോളില്‍ ക്ലോറൈഡിന്‍റെ അനുവദനീയമായ അളവ് പരമാവധി 3ppm വരെയാണ്. എന്നാല്‍ രാജസ്ഥാനില്‍ ഇത് 6 മുതല്‍ 570 പാര്‍ട്സ് പെര്‍ മില്യണ്‍ (ppm) ഉം, ഡല്‍ഹിയില്‍ 1.4 മുതല്‍ 420 ppm ഉം, മഹാരാഷ്ട്രയില്‍ 10 മുതല്‍ 357 ppm ഉം ആണ്. കേരളത്തില്‍ 1 മുതല്‍ 2.2 ppm ആണ് കണ്ടെത്തിയത്.

ഇതേക്കുറിച്ച് വിശദാംശങ്ങള്‍ തേടിയപ്പോള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വേണ്ടി ചിലര്‍ തയാറാക്കിയതാണെന്നായിരുന്നു സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്സിന്‍റെ മറുപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'നിലവില്‍ നടത്തിയ പഠനത്തിന്‍റെ സാംപിള്‍ ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് പര്യാപ്തമല്ല, അതിനാല്‍ ആശങ്ക പിന്‍വലിച്ചു'വെന്നും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഇക്കാര്യത്തില്‍ വേണമെന്ന് നിലപാട് സ്വീകരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. രാജ്യത്തെ വാഹന വിപണിയില്‍ 67 ശതമാനമാണ് മാരുതി, ടാറ്റ, മഹീന്ദ്ര എന്നിവരുടെ സാന്നിധ്യം. വിഷയത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ലെന്നും സാംപിളുകള്‍ പരിശോധിച്ച വാഹന നിര്‍മാതാക്കളെ ബന്ധപ്പെട്ടപ്പോള്‍ ടാറ്റയും മാരുതിയും പ്രതികരിച്ചില്ലെന്നും എന്നാല്‍ 'അടിസ്ഥാന രഹിത'മെന്നായിരുന്നു മഹീന്ദ്രയുടെ മറുപടിയെന്നും റോയിട്ടേഴ്സ് കുറിക്കുന്നു.

മലിനീകരണം കുറയ്ക്കുന്നതിനും ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുന്നതിനുമായാണ് കേന്ദ്രസര്‍ക്കാര്‍ ഇ 20 പെട്രോള്‍ പ്രോല്‍സാഹിപ്പിക്കാന്‍ തുടങ്ങിയത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇതാണ് രാജ്യത്ത് നല്‍കി വരുന്നതും. ഇ20 പെട്രോള്‍ അടിക്കാന്‍ തുടങ്ങിയതിന് പിന്നാലെ വാഹനത്തിന്‍റെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായ പ്രശ്നങ്ങളുണ്ടായിത്തുടങ്ങിയെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Top Indian automakers including Maruti Suzuki, Tata Motors, and Mahindra reportedly expressed serious safety concerns over the high moisture and chloride content in E20 petrol, prompting an internal email to the central government. Despite these findings showing extreme contamination levels in states like Rajasthan and Delhi, the manufacturers later retracted their concerns following the government's public insistence on E20 safety. While automakers now advocate for further scientific testing, the incident underscores mounting industry anxiety and consumer complaints regarding reduced vehicle performance since the nationwide E20 mandate began in April. The Ministry of Petroleum has yet to issue a formal response to the data revealed in the Reuters investigation.