ബാങ്ക് ഇതര ധനകാര്യ സ്ഥാപനമെന്ന രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റാ സൺസ് സമർപ്പിച്ച അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. അൺരജിസ്റ്റേർഡ് കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായി മാറുന്നതിനായുള്ള അപേക്ഷയാണ് ആർബിഐ നിരസിച്ചത്. ആർബിഐ തീരുമാനത്തോടെ ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടി വരും.
ലിസ്റ്റിങ് ഒഴിവാക്കുന്നതിനായാണ് ടാറ്റാ സൺസ് 2024 മാര്‍ച്ചില്‍ രജിസ്ട്രേഷൻ തിരിച്ചേൽപ്പിക്കാൻ അപേക്ഷ നൽകിയിരുന്നത്. അപേക്ഷ നിരസിച്ചതോടെ ടാറ്റ ഗ്രൂപ്പിന്‍റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസ്, അപ്പർ ലെയർ എൻ.ബി.എഫ്.സി വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്കായുള്ള ആര്‍ബിഐ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും.
2026 ജൂണിൽ റിസർവ് ബാങ്ക് ചട്ടങ്ങള്‍ പരിഷ്കരിച്ചതോടെ അപ്പർ ലെയർ എൻ.ബി.എഫ്.സി ആയി തരംതിരിക്കുന്നതിനുള്ള ആസ്തി പരിധി 1 ലക്ഷം കോടി രൂപയായി മാറി. 2026 മാര്‍ച്ച് 31 ഓടെ ടാറ്റ സണ്‍സിന്‍റെ ആകെ ആസ്തി 2.01 ലക്ഷം രൂപയാണ്. ആർ.ബി.ഐയുടെ 'അപ്പർ ലെയർ എൻ.ബി.എഫ്.സി' മാനദണ്ഡങ്ങൾ അനുസരിച്ച് ഈ വിഭാഗത്തിൽപ്പെടുന്ന കമ്പനികൾ നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷന്‍ ഒഴിവാക്കുന്നതിന് ടാറ്റാ സൺസ് തങ്ങളുടെ കൈവശമുണ്ടായിരുന്ന മുഴുവൻ കടങ്ങളും വീട്ടിയിരുന്നു.
ടാറ്റ സണ്‍സിന്‍റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ടാറ്റ ട്രസ്റ്റ് ലിസ്റ്റിങ് ഒഴിവാക്കണമെന്ന് 2025 ജൂലൈയിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ടാറ്റാ സൺസിലെ മറ്റൊരു ഓഹരിയുടമകളായ ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പ് ഐപിഒയ്ക്കായി വാദിക്കുന്നവരാണ്. ലിസ്റ്റിങിലൂടെ തങ്ങളുടെ ഓഹരിയില്‍ ഒരു ഭാഗം വിറ്റഴിച്ച് കടബാധ്യത തീര്‍ക്കാനാണ് ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്‍റെ ശ്രമം. 18.37% ഓഹരികളാണ് ഗ്രൂപ്പിന് ടാറ്റ സണ്‍സിലുള്ളത്.