• പ്രാഥമിക ഓഹരി വിൽപനയിലൂടെ 22,561.57 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഇ ലക്ഷ്യമിടുന്നത്.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രാഥമിക ഓഹരി വിൽപ്പനാ തീയതികളും ഓഹരി വിലയും പ്രഖ്യാപിച്ചു. സെപ്റ്റംബർ 17 മുതൽ 21 വരെ നടക്കുന്ന ഐപിഒയിലൂടെ 22,561.57 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഇ ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 1,700 രൂപ മുതൽ 1,785 രൂപ വരെയാണ് പ്രൈസ് ബാൻഡ്. ഇതോടെ ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രാഥമിക ഓഹരി വിൽപ്പയായി എൻഎസ്ഇ ഐപിഒ മാറും. ഓഹരി വിൽപന പൂർത്തിയാകുന്നതോടെ എൻഎസ്ഇയുടെ ആകെ വിപണി മൂല്യം 4.41 ലക്ഷം കോടി രൂപയായി ഉയരും.

പൂർണമായും ഓഫർ ഫോർ സെയിൽ വഴിയാണ് എൻഎസ്ഇ ഐപിഒ സംഘടിപ്പിക്കുന്നത്. നിലവിലുള്ള നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത് എന്നതിനാൽ ഇതിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ നേരിട്ടുള്ള വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല. എസ്.ബി.ഐ, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ്, അരണ്ട ഇൻവെസ്റ്റ്‌മെന്റ്‌സ്, എം.എസ് സ്ട്രാറ്റജിക് മൗറീഷ്യസ് ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ബാങ്ക് ഓഫ് ബറോഡ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് തങ്ങളുടെ പങ്കാളിത്ത ഓഹരികൾ വിറ്റഴിക്കുന്നത്.

നേരത്തെ 14.89 കോടി ഓഹരികൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് എട്ട് പ്രമുഖ നിക്ഷേപക സ്ഥാപനങ്ങൾ വിൽക്കുന്ന ഓഹരികളുടെ എണ്ണം കുറച്ചതോടെ വിൽപന ഓഹരികൾ 12.64 കോടിയായി പുനർനിശ്ചയിക്കുകയായിരുന്നു.

റീട്ടെയില്‍ നിക്ഷേപകർക്ക് ആകെ ഓഹരികളുടെ 35 ശതമാനം മാറ്റിവെച്ചിട്ടുണ്ട്. വ്യക്തിഗത നിക്ഷേപകർക്ക് ചുരുങ്ങിയത് എട്ട് ഓഹരികൾ അടങ്ങുന്ന ഒരു ലോട്ടിലേക്ക് അപേക്ഷിക്കാം. ഇതിനായി കുറഞ്ഞത് 14,280 രൂപ വേണം. ഒരാൾക്ക് പരമാവധി 1,99,920 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. സെപ്റ്റംബർ 22-ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 23-ഓടെ  ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് ഓഹരികൾ ക്രെഡിറ്റ് ചെയ്യും. തുടർന്ന് സെപ്റ്റംബർ 24-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽഎൻ.എസ്.ഇ ഓഹരികൾ ലിസ്റ്റ് ചെയ്യും.

 

ENGLISH SUMMARY:

The National Stock Exchange has officially announced its Initial Public Offering (IPO) dates and price band, aiming to raise ₹22,561.57 crore between September 17 and 21. Set at a price band of ₹1,700 to ₹1,785 per share, this offering stands as the second-largest IPO in Indian stock market history. The entire issue is structured as an Offer for Sale (OFS) of 12.64 crore shares by existing institutional investors, pushing NSE's total market valuation to ₹4.41 lakh crore. Retail investors can apply for a minimum lot of eight shares requiring ₹14,280, with BSE listing scheduled for September 24.