സമീപദിവസങ്ങളിലെ പ്രകടനത്തില്‍ നിന്നും മാറി 1.6 ശതമാനത്തിന്‍റെ ഇടിവാണ് ഇന്ത്യന്‍ ഓഹരിവിപണിയിലുണ്ടായത്. സെന്‍സെക് 1248 പോയിന്‍റിടിഞ്ഞ് 73,581 ലും നിഫ്റ്റി 384 പോയിന്‍റിടിഞ്ഞ് 23,063 ലുമെത്തി. നിഫ്റ്റി മിഡ്കാപ് സൂചിക രണ്ടു ശതമാനവും സ്മോള്‍കാപ് സൂചികയും 1.50 ശതമാനവും ഇടിഞ്ഞു. ഇന്ന് വിപണിയിലെ ഇടിവിന്‍റെ കാരണം എന്താണെന്ന് വിശദമായി നോക്കാം.
ഏറ്റവും ഇടിവ് ആര്‍ക്ക്?
വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 22 ശതമാനം ഉയര്‍ന്നത് വിപണിയില്‍ ആശങ്കയുണ്ടെന്നതിന്റെ സൂചനയാണ്. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. ഫിനാന്‍ഷ്യല്‍ സൂചിക നാലു ശതമാനം ഇടിഞ്ഞു. ഓഹരികളില്‍ ബജാജ് ഫിനാന്‍സ് അഞ്ചു ശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് എന്നിവ നാലു ശതമാനമാണ് ഇടിഞ്ഞത്. ഇന്‍ഡിഗോ, ട്രെന്‍ഡ് ഓഹരികള്‍ മൂന്നു ശതമാനം ഇടിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്‍റ്സ്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡി എന്നിവയും കാര്യമായി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: രൂപ വീണ്ടും തകര്‍ന്നു; ഇന്ന് 23 പൈസ കുറഞ്ഞു; ഡോളറിന് നിരക്ക് 95.96
എന്താണ് ഇടിവിന്‍റെ കാരണം
യു.എസ് ബോണ്ട് യീൽഡിലുണ്ടായ കുതിപ്പാണ് ഇന്ത്യൻ വിപണിയെ ഇടിവിലേക്ക് കൊണ്ടുപോയതിന്റെ പ്രധാനകാരണം. 10 വർഷ യുഎസ് ട്രഷറി ബോണ്ട് 2007 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയായ 5.106 ശതമാനമത്തിലേക്ക് എത്തി. സെപ്റ്റംബറിൽ യു.എസിലെ ബിസിനസ് പ്രവർത്തനങ്ങൾ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി എന്ന ഡാറ്റ പുറത്തുവന്നതാണ് ബോണ്ട് യീൽഡ് വർധിപ്പിക്കാൻ കാരണം. ബോണ്ട് യീൽഡ് കുത്തനെ കൂടുമ്പോള്‍ കടപത്ര വിപണി ആകർഷകമാകുകയും ഓഹരി വിപണിയിൽ നിന്നും നിക്ഷേപം പിൻവലിയുകയും ചെയ്യും. ഇതാണ് ഇടിവിന്റെ പ്രധാന കാരണം.
ഇതിനൊപ്പം ഫെഡ് വീണ്ടും പലിശ ഉയർത്തുമെന്ന ആശങ്കയും ക്രൂഡ് ഓയിൽ വില കൂടുന്നതും വിപണിയിൽ വിൽപ്പന സമ്മർദമുണ്ടാക്കി. സെപ്റ്റംബറിൽ പലിശ ഉയർത്തിയ ഫെഡ് വീണ്ടും നിരക്ക് വർധിപ്പിച്ചാൽ ബോണ്ട് യീൽഡ് വീണ്ടും കൂടും. അതേസമയം, ഡോളറിനെതിരെ രൂപയിലുണ്ടായ ഇടിവും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില 99 ഡോളറില്‍ നിന്നും 102 ഡോളറിലേക്ക് കുതിച്ചു. യുഎസിന് മുന്നില്‍ മുട്ടുകുത്തില്ലെന്ന ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍ നടത്തിയ പ്രസ്താവനയാണ് കുതിപ്പിന് ഊര്‍ജം നല്‍കിയത്. രാവിലെ 95.84 എന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച രൂപ, ഒരുഘട്ടത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കായ 95.98 വരെ എത്തിയിരുന്നു. ഒടുവില്‍ ഇന്നലെ ക്ലോസ് ചെയ്ത നിരക്കില്‍ നിന്ന് 23 പൈസ ഇടിഞ്ഞ് 95.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ
അരങ്ങേറി എന്‍എസ്ഇ
വിപണിയില്‍ നേരിയ നേട്ടത്തോടെയാണ് എന്‍എസ്ഇ ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയായ 1785 രൂപയില്‍ നിന്നും 0.84 ശതമാനം നേട്ടത്തില്‍ 1800 രൂപയിലായിരുന്നു ഓഹരിയുടെ ലിസ്റ്റിങ്. 5.21 ശതമാനം ഉയര്‍ന്ന് 1878 രൂപ വരെ കുതിച്ചെങ്കിലും 1818 രൂപയിലാണ് എന്‍എസ്ഇ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. വിപണി ചോരപ്പുഴയിലായ ദിവസവും 1.85 ശതമാനം നേട്ടത്തിലാണ് എന്‍എസ്ഇയുടെ ക്ലോസിങ്.