ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പ് ഇടിച്ചത് ട്രംപിന്‍റെ മാത്രമല്ല, അമേരിക്കന്‍ ഓഹരിവിപണികളുടെയും മൂല്യം. ടെക്നോളജി ഓഹരികളില്‍ വന്‍ ഇടിവ് ആഗോള ഓഹരിവിപണികളെ എല്ലാം ബാധിച്ചപ്പോള്‍ ദീപാവലിക്കു മുന്‍പേ തന്നെ പടക്കം പൊട്ടിച്ച് സെന്‍സെക്സും നിഫ്റ്റിയും. നിര്‍മിതബുദ്ധി മേഖലയില്‍ ഡെമോക്രാറ്റുകള്‍ നിയന്ത്രണം കൊണ്ടുവരുമെന്ന ആശങ്ക അമേരിക്കന്‍ വിപണികളെ ബാധിച്ചപ്പോള്‍ നിര്‍മിതബുദ്ധിക്ക് പിന്നാലെ കാര്യമായി പോകാത്തതടക്കം ഇന്ത്യയ്ക്ക് ആശ്വാസമായി.

അമേരിക്കയിലെ ഇടിവ് ജപ്പാനിലും ദക്ഷിണ കൊറിയയിലും തായ്‌വാനിലും എല്ലാം ഓഹരിവിപണി വന്‍നഷ്ടത്തിലാക്കിയപ്പോള്‍ ഇന്ത്യയില്‍ സെന്‍സെക്സ് 1700 പോയിന്‍റാണ് ഉയര്‍ന്നത്. നിഫ്റ്റി 500 പോയിന്‍റിന് അടുത്തും. ഡെമോക്രാറ്റുകൾ എഐ വിപ്ലവത്തിന് തടയിടുമെന്ന ഭയത്തിൽ എസ് ആൻഡ് പി 500 കമ്പനികളുടെ നഷ്ടം 3 ട്രില്യൺ ഡോളറിന്റേതാണ്. ശരിക്കും വന്‍ ദുരന്തം. എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി നടത്തുന്ന വൻ നിക്ഷേപങ്ങളുടെ ലാഭത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് രാഷ്ട്രീയ അനിശ്ചിതത്വവും വിപണിയെ ബാധിക്കുന്നത്.

ഡേറ്റ സെന്‍ററുകള്‍ക്കെതിെര അമേരിക്കയിലുണ്ടായ എതിര്‍പ്പുകളെ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്നുണ്ട്. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയല്ല, ഡെമോക്രാറ്റുകളുണ്ടാക്കിയ പ്രശ്നമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിക്കുകയും ചെയ്തു. പക്ഷേ ഇന്ത്യയെ ഇതൊന്നും ബാധിച്ചില്ല. എഐ വിപ്ലവത്തോട് ഇന്ത്യ മുഖം തിരിച്ചെന്നും ഏറെ പിന്നിലായെന്നുമായിരുന്നു വിമര്‍ശനം. ഇതാണ് ഇപ്പോള്‍ ശരിക്കും ആശ്വാസമായത്.

വിറ്റൊഴിക്കാന്‍ വിത്തുണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയിടിവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ഇന്ത്യന്‍ ഓഹരിവിപണിയില്‍ ദീപാവലിക്കു മുന്‍പേ സന്തോഷത്തിന്റെ പൂത്തിരികള്‍ കത്തിക്കുകയാണ്. കഴിഞ്ഞ 19 മാസമായി ചത്തും ചതഞ്ഞും കിടന്ന സെന്‍സെക്സും നിഫ്റ്റിയും ശരിക്കും ഉയര്‍ത്തെഴുന്നേല്‍പിന്‍റെ പാതയിലും.

Sensex and Nifty rally significantly as the US election results and tech stock crashes spare the Indian stock market due to its limited AI exposure. Falling crude oil prices and the return of foreign investors further boost investor confidence in India.: