• കെനിയയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വില്യം റൂട്ടോ ആവശ്യപ്പെട്ടതിന് പിന്നാലെ ടാറ്റ കെമിക്കല്‍ ഓഹരിക്ക് തിരിച്ചടി.

കെനിയയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വില്യം റൂട്ടോ ആവശ്യപ്പെട്ടതിന് പിന്നാലെ ടാറ്റ കെമിക്കല്‍ ഓഹരിക്ക് തിരിച്ചടി. ടാറ്റ കെമിക്കല്‍ ഓഹരി മൂന്നു ശതമാനം വരെ ഇടിഞ്ഞു. ഇന്നലെ 641രൂപയില്‍ വ്യാപാരം അവസാനിച്ച ഓഹരി 630 രൂപയിലേക്ക് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 625 രൂപ വരെ ഓഹരി താഴ്ന്നു. ടാറ്റ കെമിക്കലിന്‍റെ സാന്നിധ്യം കെനിയയ്ക്ക് നേട്ടമുണ്ടായില്ലെന്ന് പ്രസിഡന്‍റിന്‍റെ വാദം. ടാറ്റ കെമിക്കലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം രണ്ട് പുതിയ കമ്പനികളെ കൊണ്ടുവരുമെന്നാണ് റൂട്ടോ പറഞ്ഞത്.  

ടാറ്റയ്ക്ക് 100 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരുന്നെങ്കിലും കെനിയയ്ക്ക് പ്രയോജനമുണ്ടായില്ലെന്നാണ് റൂട്ടോയുടെ വാദം. ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം വലിയ ഗ്ലാസ് നിർമ്മാണ സൗകര്യം സ്ഥാപിക്കുന്ന കമ്പനിയും രാസവസ്തുക്കൾ നിർമ്മിക്കുന്ന മറ്റൊരു കമ്പനിയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ അവസാനത്തോടെ, ടാറ്റ കെമിക്കൽസിന്റെ യൂണിറ്റായ ടാറ്റ കെമിക്കൽസ് മഗാഡി ലിമിറ്റഡിനോട് മഗാഡി സോഡ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാനും സോഡ ആഷ് കയറ്റുമതി തടയാനും കെനിയൻ സർക്കാർ ഉത്തരവിട്ടിരുന്നു. 

ടാറ്റ കെമിക്കല്‍സിന്‍റെ ഉപവിഭാഗമായ ടാറ്റ കെമിക്കൽസ് മഗഡി പ്രതിവര്‍ഷം 3.50 ലക്ഷം ടണ്‍ സോഡാ ആഷ് നിര്‍മാണ ശേഷിയുള്ള കമ്പനിയാണ്. ഗ്ലാസ് നിർമ്മാണം, രാസവസ്തുക്കൾ, ഡിറ്റർജന്റുകൾ തുടങ്ങിയ വ്യവസായങ്ങളിലാണ് സോഡാ ആഷ് പ്രധാനമായും ഉപയോഗിക്കുന്നത്. ധാതുക്കൾ സോഡാ ആഷ് ആക്കിയശേഷം ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണെന്നും അവ കെനിയൻ പ്രാദേശിക കമ്പനികൾക്ക് ലഭ്യമാക്കുന്നില്ലെന്നും റൂട്ടോ ആരോപിച്ചിരുന്നു. 

2026 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ കെമിക്കല്‍സിന്‍റെ ഇബിഐടിഡിഎ (നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം)യുടെ ആറു ശതമാനം കെനിയയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നായിരുന്നു. മഗഡി സോഡ കമ്പനി എന്നറിയപ്പെട്ടിരുന്ന കമ്പനി 2005 ലാണ് ടാറ്റ കെമിക്കല്‍സിന്‍റെ ഭാഗമാകുന്നത്. 

ENGLISH SUMMARY:

Tata Chemicals' share price dropped by nearly 3% after Kenyan President William Ruto instructed the company to shut down its operations in Kenya. The stock, which closed at ₹641 previously, opened lower at ₹630 and slid to ₹625 during early trading. President Ruto stated that the 100-year lease agreement with Tata Chemicals Magadi Limited—a unit producing 3.5 lakh tonnes of soda ash annually—failed to benefit Kenya, as the minerals were exported rather than supplied to local industries. Ruto announced plans to replace Tata's operations with two new domestic ventures for glass manufacturing and chemical production. In FY26, Kenya accounted for approximately 6% of Tata Chemicals' EBITDA.