വ്യാഴാഴ്ച ഓഹരിവിപണിയില്‍ ഉണ്ടായ അസാധാരണ ചാഞ്ചാട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ്. സാമ്പത്തിക തട്ടിപ്പ് നടന്നതായി സംശയിക്കുന്നു എന്ന് കിരിത് സോമയ്യ സെബി ചെയര്‍മാന് അയച്ച കത്തില്‍ പറഞ്ഞു. ഇടപാടുകാരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച വ്യാപാരത്തിന്‍റെ അവസാന സമയത്ത് 2200 പോയിന്റ് ഇടിഞ്ഞ സെന്‍സെക്സ് 2000 ഉയര്‍ന്നിരുന്ന ശേഷമാണ് ക്ലോസ് ചെയ്തത്.
വ്യാഴാഴ്ച വ്യാപാരം അവസാനിക്കാന്‍ 12 മിനിറ്റ് ശേഷിക്കെയാണ് സെന്‍സെക്സില്‍ അസാധാരണ ചാഞ്ചാട്ടം ഉണ്ടായത്. 77200 പോയിന്‍റ് ഉണ്ടായിരുന്ന സെന്‍സെക്സ് ഒറ്റയടിക്ക് 2217 പോയിന്‍റ് ഇടിഞ്ഞ് 74983 ലേക്കെത്തി. ആറു മിനിറ്റിന് ശേഷം 2000 പോയിന്‍റ് തിരികെ കയറുകയും ചെയ്തു. അതേസമയം നിഫ്റ്റിയില്‍ ഈ ചാഞ്ചാട്ടം ഉണ്ടായതുമില്ല. ഇതാണ് ക്രമക്കേടു നടന്നതായി സംശയം ഉയരാന്‍ കാരണം.
ഇക്കാര്യം പരിശോധിക്കണമെന്നും വിശദമായ അന്വേഷണം വേണം എന്നും കിരിത് സോമയ്യ സെബി മേധാവിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സെബി നടപ്പാക്കിയ ക്ലോസിങ് ഓക്ഷന്‍ സെഷന്‍ നിയമങ്ങള്‍ക്കു കീഴിലുള്ള ആദ്യ ഡെറിവേറ്റീവ് എക്സ്പയറി ദിനത്തിലായിരുന്നു ഈ അപ്രതീക്ഷിത ചാഞ്ചാട്ടം. ബാങ്കിങ്, മെറ്റല്‍ ഓഹരികളിലാണ് വന്‍ ഇടിവുണ്ടായത്. പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് അന്നുതന്നെ പല നിക്ഷേപകരും സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. അതേസമയം സെബിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ പ്രതികരണം ഉണ്ടായിട്ടില്ല.