President Donald Trump speaks with reporters in the James Brady Press Briefing Room at the White House, Monday, April 6, 2026, in Washington. AP/PTI(AP04_07_2026_000016A)

  • ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി ഇൻസൈഡർ ട്രേഡിങ് വഴി വൻ ലാഭം ഉണ്ടാക്കിയെന്ന ആരോപണത്തിൽ ഡൊണാൾഡ് ട്രംപ് സർക്കാരിലെ ഉന്നതർ സംശയ നിഴലിൽ.

ഇറാന്‍ സംഘര്‍ഷത്തിനിടെ ഓഹരി വിപണിയെ സ്വാധീനിക്കുന്ന വിവരങ്ങൾ ചോർത്തി ലാഭമുണ്ടാക്കിയെന്ന ആരോപണങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സര്‍ക്കാരിലെ ഉന്നതര്‍ സംശയ നിഴലില്‍. ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് ഇന്‍സൈഡര്‍ ട്രേഡിങ് ഉപയോഗിച്ച് ലാഭമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ ഇൻസൈഡർ ട്രെഡിങ് ആരോപണങ്ങള്‍ വൈറ്റ് ഹൗസും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നിഷേധിച്ചു.  

മാർച്ച് 22-ന് നടന്ന അസാധാരണ ട്രേഡിങാണ് ആരോപണത്തിന്‍റെ മുന. അന്നേ ദിവസം 580 ദശലക്ഷം ഡോളർ മൂല്യമുള്ള 6,200-ഓളം ഓയിൽ ഫ്യൂച്ചേഴ്സ് കരാറുകൾ ഒരു മിനിറ്റിനുള്ളില്‍ ട്രേഡ് ചെയ്തു. ശരാശരി ട്രേഡിങ് വോളിയത്തേക്കാള്‍ വളരെ കൂടുതലാണിത്. ഈ ഇടപാട് കഴിഞ്ഞ് ഏകദേശം 15 മിനിറ്റുകൾക്ക് ശേഷം യു.എസും ഇറാനും ഫലപ്രദമായ ചര്‍ച്ച നടത്തി വരികയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പിന്നാലെ എണ്ണവില ഇടിഞ്ഞു.  

എണ്ണവില ഉയർന്ന നിലയിലായിരുന്നപ്പോൾ  ട്രേഡർമാർ എണ്ണ ഫ്യൂച്ചേഴ്സ് കരാറുകൾ ഷോര്‍ട്ട് സെല്‍ ചെയ്യുകയും എണ്ണവില വില ഇടിഞ്ഞപ്പോൾ, നേരത്തെ ഉയർന്ന വിലയ്ക്ക് വിറ്റ കരാറുകൾ വളരെ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ നിന്ന് തിരികെ വാങ്ങുകയും ചെയ്തു. ഇവിടെ വന്ന വില വ്യത്യാസമാണ് ഇവരുടെ ലാഭം. രഹസ്യ സ്വഭാവമുള്ള ദേശീയ സുരക്ഷാ വിവരങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി ട്രംപിനോട് അടുത്ത ബന്ധമുള്ളവര്‍ ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം. 

യു.എസ്-ഇറാൻ ചർച്ചകളില്‍ പങ്കുള്ള ഉന്നത വൈറ്റ് ഹൗസ് ഉപദേശകരായ ജറീദ് കഷ്നറിനും സ്റ്റീവ് വിറ്റ്കോഫിനും സാമ്പത്തിക ലാഭം നേടാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച മാധ്യമവാർത്തകൾ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തള്ളിക്കളഞ്ഞു. ജറീദ് കഷ്നർ ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവാണ്. സ്റ്റീവ് വിറ്റ്കോഫ് യു.എസ് റിയൽ എസ്റ്റേറ്റ് നിക്ഷേപകനും ട്രംപിന്റെ അടുത്ത സുഹൃത്തുമാണ്.

ENGLISH SUMMARY:

Top officials within the Donald Trump administration are facing intense scrutiny over allegations of insider trading related to Middle East geopolitical tensions. Suspicion arose following an unusually massive trade of approximately 6,200 oil futures contracts minutes before President Trump announced constructive talks with Iran on Truth Social. This sudden market movement caused oil prices to drop significantly, generating massive profits for traders who had shorted the market beforehand. While the White House and Vice President JD Vance have strongly denied these accusations, critics argue that confidential national security information may have been exploited for financial gain.