• ദക്ഷിണ കൊറിയൻ ഓഹരി വിപണിയിലെ പ്രധാന സൂചികയായ കോസ്പിയിൽ ഉണ്ടായ വൻ ഇടിവ് നിക്ഷേപകർക്ക് കോടികളുടെ നഷ്ടമുണ്ടാക്കി.

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ചോരപ്പുഴയില്‍ നിക്ഷേപകരുടെ കോടികണക്കിന് രൂപയാണ് ഒഴുകിപോയത്. ഒരു മാസത്തെ ഉയരത്തില്‍ നിന്നും പ്രധാന സൂചികയായ കോസ്പി 10 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ പുതിയ നിക്ഷേപകര്‍ക്കും പരിചയ സമ്പന്നര്‍ക്കും കൈപൊള്ളി. പലരുടെയും കോടികളുടെ നഷ്ടകഥകളാണ് സോഷ്യല്‍ മീഡിയയില്‍. 

എഐ, ചിപ് അധിഷ്ഠിത ഓഹരികളിലുണ്ടായ മുന്നേറ്റമാണ് കഴിഞ്ഞമാസം കൊറിയൻ വിപണിയെ സർവകാല ഉയരത്തിലെത്തിച്ചത്. ജൂണില്‍ 9385 നിലവാരത്തിലെത്തിയ വിപണിയാണ് ഇടിഞ്ഞത് 10.8 ശതമാനത്തിലധിം. കോസ്പി 5.98 ശതമാനം ഇടിഞ്ഞ് 5663.24 ലായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1.60 ശതമാനം ഇടിഞ്ഞ് 5,593.56 നിലവാരത്തിലായി. ലോവര്‍സര്‍ക്യൂട്ട് തൊട്ടതോടെ നിരവധി തവണ കോസ്പിയില്‍ വ്യാപാരം നിര്‍ത്തിവച്ചിരുന്നു. 

ജൂണ്‍ അവസാനം മുതല്‍ കോസ്പി സൂചികയുടെ മൂല്യം 40 ശതമാനമാണ് ഇടിഞ്ഞത്. മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച സാംസങ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് എന്നിവ 14 ശതമാനത്തോളം ഇടിഞ്ഞു. എ,ഐ, ചിപ്പ് എന്നിവയ്ക്കുള്ള ചെലവാക്കലുകളുടെ ലാഭത്തെ പറ്റിയുള്ള ആശങ്കകളും ചൈനീസ് ചിപ്പ് നിര്‍മാതാക്കളില്‍ നിന്നുള്ള മല്‍സരവുമാണ്  തിരിച്ചടിയായത്. 

വലിയ നഷ്ടം നേരിട്ട സാഹചര്യം പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 600 മില്യണ്‍ വോണിലധികം ലാഭമുണ്ടായിരുന്നിടത്ത് നിന്നും (4 കോടി രൂപ) പെട്ടന്ന് 700 മില്യണ്‍ വോണിലധികം (4.6 കോടി രൂപ) നഷ്ടമായി മാറിയ അവസ്ഥയാണ് ഒരു ഉപഭോക്താവ് പങ്കുവച്ചത്. തന്‍റെ വിവാഹത്തിനായി കരുതിവച്ച തുക വലിയൊരു ഭാഗം നഷ്ടമായ അവസ്ഥയാണ് മറ്റൊരാള്‍ക്ക്. 40 ശതമാനം നഷ്ടമാണ് ഇയാള്‍ക്കുണ്ടായത്. 

രണ്ടു കോടി രൂപയുടെ നിക്ഷേപം (300 മില്യണ്‍ വോണ്‍) വിപണിയുടെ ചോരപ്പുഴയില്‍ ഒലിച്ചുപോയതായി ഫിന്‍ടെക്ഗേള്‍ എന്ന അക്കൗണ്ട് പങ്കുവച്ച കുറിപ്പിലുണ്ട്. ഇത് വീട് വാങ്ങാനായി എടുത്തുവച്ച തുകയാണിത്. '15 വര്‍ഷത്തെ സമ്പാദ്യമായിരുന്നു 60 കോടി വോണ്‍. ഇതില്‍ ഒരുഭാഗം ഡോങ്താനിലെ അപ്പാർട്ട്മെന്റിനായി ഡൗൺ പേയ്മെന്റ് നൽകി. അടുത്ത ഗഡു നൽകേണ്ടതിന് മുന്‍പ് ബാക്കിയുള്ള ഏകദേശം 50 കോടി വോൺ സാംസങ് ഇലക്ട്രോണിക്സിൽ ട്രേ‍ഡ് ചെയ്യാനായി ഉപയോഗിച്ചു. മറ്റു ചിലര്‍ ലാഭം നേടുന്നത് കണ്ടാണ് നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ആദ്യത്തെ ട്രേഡുകള്‍ വിജയമായിരുന്നെങ്കിലും പിന്നീട് വലിയ തുക നഷ്ടം സംഭവിക്കുകയായിരുന്നു' എന്നാണ് കുറിപ്പിവുള്ളത്. നിക്ഷേപത്തിന്റെ പകുതിയിലധികവും നഷ്ടപ്പെട്ടുവെന്നും ഇനി അപ്പാര്‍ട്ട്മെന്‍റിന്‍റെ പണമടയ്ക്കാന്‍ സാധിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. സ്റ്റോപ്പ് ലോസ് ക്രമീകരിക്കാത്തതാണ് തന്‍റെ നഷ്ടത്തിന്‍റെ കാരണമെന്ന് ഒക്സ്‍ലീഫ് എന്ന അക്കൗണ്ട് കുറിച്ചു. വിപണിയിലെ തിരുത്തല്‍ സമയത്ത് ഇദ്ദേഹത്തിന് നഷ്ടമായത് 4 ലക്ഷം രൂപയോളമാണ്. 

ENGLISH SUMMARY:

South Korea's KOSPI index suffered a massive crash, plunging over ten percent from its recent monthly highs and wiping out billions in investor wealth. The steep decline was triggered by mounting concerns over AI and chip sector profitability alongside intense competition from Chinese chipmakers. Individual investors took to social media to share devastating financial losses, including savings meant for weddings and apartment down payments. Many market participants reported losing a significant portion of their long-term savings due to failing to set stop-loss limits during the sharp downturn.