മലബാര്‍ ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2028 ഓടെ ഉണ്ടാകുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്. മനോരമ ന്യൂസ് കോണ്‍ക്ലേവിലെ 'ഗ്രോത്ത് വിത്ത് പര്‍പ്പസ്' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ' മലബാര്‍ ഗോള്‍ഡ് വളര്‍ന്നുവന്നത് 3800 നിക്ഷേപകരിലൂടെയാണ്. 22 ശതമാനം ഓഹരികള്‍ തൊഴിലാളികളുടെ കയ്യിലാണ്. അവരുടെ താല്‍പര്യം നിലനിര്‍ത്താന്‍ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാകണ'മെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള കമ്പനികളെ ചേര്‍ത്ത് ഒറ്റക്കമ്പനിയാക്കിയാണ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുക. 2028–29 ഓടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കി കമ്പനി ലിസ്റ്റ് ചെയ്യാനാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോഴിക്കോട്ടെ ഗ്രാമത്തില്‍ നിന്നും തുടങ്ങി രാജ്യാതിര്‍ത്തി കടന്നുള്ള ബിസിനസിലെ വിജയകഥയും അദ്ദേഹം കോണ്‍ക്ലേവില്‍ പങ്കുവച്ചു. മുംബൈയിലെ സുഹൃത്ത് വഴിയായിരുന്നു സ്വര്‍ണ ബിസിനസിലേക്കുള്ള വരവ്. പഠിച്ച് മുന്നേറിയതിനാലാണ് മലബാര്‍ ഗ്രൂപ്പിന് ഈ വളര്‍ച്ചയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. Also Read: 'അനുപാതരഹിതമായ അടിയായിപ്പോയി; അങ്ങനെ അവസാനിക്കില്ല ഇടതുപക്ഷം'; തിരിച്ചുവരും; എം.എ.ബേബി
'1990കളില്‍ രൂപയുടെ മൂല്യം കുറയുന്ന സമയത്ത് സ്വര്‍ണ വില കൂടി. കൊപ്ര ബിസിനസില്‍ നിന്നും പരിചയമുള്ള മുംബൈയില്‍ നിന്നുള്ള സുഹൃത്താണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പറയുന്നത്. ഒരുപാട് പ്രവാസികളുള്ള കേരളത്തില്‍ വിദേശത്ത് നിന്ന് പണമെത്തും. ഇനി സ്വര്‍ണത്തിനും ഭൂമിക്കും വില കൂടും, പറ്റുമെങ്കില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനായിരുന്നു ഉപദേശം' എന്നും അദ്ദേഹം ഓര്‍ത്തു.
ബിസിനസുകാരനായിരുന്നില്ലെങ്കില്‍ അധ്യാപകനായേനെ എന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അക്കാലത്ത് കൃഷിയായിരുന്നു കുടുംബത്തില്‍. ജോലിക്ക് പോകുന്നവര്‍ അധ്യാപകനാകും. മാനേജ്മെന്റ് സ്കൂളുണ്ട്. അധ്യാപകനായാല്‍ കൃഷിയിലും ശ്രദ്ധിക്കാം എന്നതായിരുന്നു അന്നത്തെ ചിന്ത എന്നും അദ്ദേഹം പറഞ്ഞു.
'ഗുണമേന്മ നിലനിര്‍ത്തിയാണ് മലബാര്‍ ഗോള്‍ഡ് എന്നും ബിസിനസ് ചെയ്തത്. അങ്ങനെ കോഴിക്കോട് നിന്നും കണ്ണൂരിലും മലപ്പുറത്തും ജ്വല്ലറികളായി. പുതിയ തലമുറ റിസര്‍ച്ച് ചെയ്തു. ബിസിനസില്‍ പഠിക്കുക എന്നതാണ് പ്രധാനം. ഓരോയിടത്തും ഡിസൈന്‍ വ്യത്യസ്തമാണ്. 200 ലധികം ഡിസൈന്‍ ഡവലപര്‍മാരും 5000 പേരുള്ള വലിയ നിര്‍മാണ യൂണിറ്റുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയെ മുന്നോട്ട് നയിക്കുന്നത് വിശ്വാസ്യതയാണ്. സമൂഹത്തോടും പ്രതിബദ്ധതയുണ്ട്. ഓരോ ഷോറൂമില്‍ നിന്നും ലഭിക്കുന്നിന്റെ അഞ്ചു ശതമാനം അതാത് നഗരത്തില്‍ ചെലവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.