• ഇന്നത്തെ ജെൻസി തലമുറ മടിയന്മാരാണെന്നും പ്രിവിലേജ്ഡ് ആണെന്നും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാത്തവരാണെന്നുമുള്ള വിലയിരുത്തലുകളോട് വിയോജിപ്പുമായി നടി ഗൗരി കിഷന്‍

ജെൻസി തലമുറ മടിയന്മാരും പ്രിവിലേജ്ഡ് ആയവരും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാത്തവരുമാണെന്ന വിലയിരുത്തലുകളോട് വിയോജിപ്പുമായി നടി ഗൗരി കിഷൻ. അനീതിക്കെതിരെ പ്രതികരിക്കാൻ തങ്ങളുടെ തലമുറയ്ക്ക് ചങ്കൂറ്റമുണ്ടെന്ന് ഗൗരി പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിലാണ് ഗൗരി നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ നടന്ന സിജെപി പ്രതിഷേധത്തെ ഗൗരി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഒരു മന്ത്രിയെ താഴെയിറക്കിയ സമാധാനപരമായ ഈ സമരം യുവാക്കളുടെ മാത്രം മുൻകൈയിൽ ഉണ്ടായ വിപ്ലവകരമായ മാറ്റമായിരുന്നുവെന്ന് ഗൗരി പറഞ്ഞു. സമരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി. പ്രതിഷേധത്തിൽ സോഷ്യൽ മീഡിയ വലിയൊരു പങ്കുവഹിച്ചെന്നും ഗൗരി പറഞ്ഞു. Also Read: സിജെപിയെ പിന്തുണച്ചു; നഷ്ടപ്പെട്ടത് 4k ഫോളോവേഴ്സ്; കാര്യമാക്കുന്നില്ല: ‘എഐ കിഡ് ഓഫ് ഇന്ത്യ’

ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ താൻ നേരിടുന്ന വെല്ലുവിളികളും ഗൗരി പങ്കുവച്ചു. സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും വ്യക്തിപരമായ അതിരുകളെ ബഹുമാനിക്കേണ്ടതുണ്ട്. ചില യൂട്യൂബ് ചാനലുകൾ നടിമാരെ ലക്ഷ്യമിട്ട് മോശം ടാഗ്‌ലൈനുകളും ക്യാമറ ആംഗിളുകളും ഉപയോഗിക്കുന്നത് ഒരു സ്ത്രീ എന്ന നിലയിൽ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ഗൗരി പറഞ്ഞു. മാധ്യമങ്ങളും സിനിമയും തമ്മിൽ ആരോഗ്യകരമായ സഹവർത്തിത്വം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്കുവേണ്ടി സംസാരിക്കുമ്പോൾ പലപ്പോഴും അതിനെ പിആർ സ്റ്റണ്ടായി ചിത്രീകരിക്കാറുണ്ടെങ്കിലും താൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും ഗൗരി പറഞ്ഞു. “എനിക്ക് രാഷ്ട്രീയമില്ല” എന്ന് ചില യുവാക്കൾ സ്റ്റൈലായി പറയുന്നുണ്ട്. എന്നാൽ അത് ശരിയല്ലെന്ന് ഗൗരി പറയുന്നു. നമ്മൾ ഇന്ന് അനുഭവിക്കുന്ന പ്രിവിലേജ്ഡ് ആയ ജീവിതം പോലും രാഷ്ട്രീയം നൽകിയതാണെന്ന് ഗൗരി ഓർമിപ്പിച്ചു. അടിസ്ഥാനപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മനസ്സിലാക്കുക എന്നത് ഏതൊരു പൗരന്റെയും മിനിമം ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

അതേസമയം, ചില അടിസ്ഥാനപരമായ കാര്യങ്ങളിൽ താൻ കുറച്ച് ‘ഓൾഡ് സ്കൂൾ’ ചിന്താഗതിക്കാരിയാണെന്നും ഗൗരി സമ്മതിക്കുന്നു. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം നമ്മളെ രൂപപ്പെടുത്തിയ സാംസ്കാരിക അടിത്തറകൾ കാത്തുസൂക്ഷിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗൗരി പറഞ്ഞു.

സിനിമയിൽ യാതൊരുവിധ മുൻപരിചയങ്ങളോ കണക്ഷനുകളോ ഇല്ലാതെ കടന്നുവന്ന വ്യക്തിയാണ് താനെന്നും ഗൗരി പറഞ്ഞു. 20–25 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സാഹചര്യത്തിൽനിന്ന് വ്യത്യസ്തമായി, ഇന്നത്തെ തലമുറയ്ക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഇൻഫ്രാസ്ട്രക്ചറും അവസരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാണ്. തങ്ങളുടെ ലക്ഷ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യാനും ഈ തലമുറ തയ്യാറാണ്. മികച്ച ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും സിനിമയോടുള്ള പാഷൻ കാരണം ഷൂട്ടിങ് സെറ്റുകളിൽ കഠിനാധ്വാനം ചെയ്യുന്ന തന്റെ സഹപ്രവർത്തകന്റെ ഉദാഹരണവും ഗൗരി ചൂണ്ടിക്കാട്ടി. അതേസമയം, കഷ്ടപ്പാടുകളെ മഹത്വവൽക്കരിക്കാനോ ടോക്സിക് ആയ തൊഴിൽസംസ്കാരങ്ങളോട് പൊരുത്തപ്പെടാനോ ഈ തലമുറ തയ്യാറല്ലെന്നും ഗൗരി പറഞ്ഞു. ഒരു ജോലിസ്ഥലത്ത് അർഹമായ ബഹുമാനവും അംഗീകാരവും ലഭിക്കുന്നില്ലെങ്കിൽ ജോലി മാറുന്നതിൽ യാതൊരു തെറ്റുമില്ലെന്നും ഗൗരി വ്യക്തമാക്കി.

ENGLISH SUMMARY:

Actress Gouri Kishan defended Gen Z’s social and political awareness at the Manorama News Conclave, saying young people have the courage to challenge injustice. She said she is proud to have participated in the CJP protest and rejected claims that her activism is a PR stunt. Gouri also spoke about media ethics, political awareness, workplace respect, opportunities available to today’s youth and the generation’s refusal to accept toxic work cultures.