ഫയര്‍ ഫോഴ്സിന്‍റെ പുതുപുത്തന്‍ വണ്ടികള്‍ കൂട്ടത്തോടെ കാടുപിടിച്ച് നശിക്കുന്നു. തിരുവനന്തപുരം ചാക്കയിലാണ് 120 കോടിയോളം മുടക്കി വാങ്ങിയ വണ്ടികള്‍ ഒരു വര്‍ഷത്തിലേറെയായി കൂട്ടിയിട്ടിരിക്കുന്നത്. തുടര്‍ നടപടിക്കുള്ള ഫണ്ട് ലഭിക്കാത്തതാണ് തടസമെന്ന് ഔദ്യോഗിക വിശദീകരണം.
തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ഫയര്‍ സ്റ്റേഷനാണ് ചാക്ക. അതിന് സമീപത്തെ പറമ്പില്‍ കാണാം ഫയര്‍ ഫോഴ്സ് വാഹനങ്ങളുടെ ശവപ്പറമ്പ്. പുത്തന്‍ വണ്ടികളില്‍ പലതും കാട് മൂടിക്കഴിഞ്ഞു. പുതിയ വാഹനങ്ങള്‍ ഇവിടെ കൊണ്ടിട്ട ശേഷം ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് വ്യക്തം.
2025 മാര്‍ച്ചിലിലാണ് 120 കോടി രൂപയ്ക്ക് വണ്ടികള്‍ വാങ്ങിയത്. 140 വണ്ടികള്‍ കാടുപിടിച്ച കിടക്കാന്‍ തുടങ്ങിയിട്ട് 17 മാസമായി. വണ്ടിയുടെ ബോഡി പണിത് ഇറക്കാനുള്ള ഫണ്ട് ആ സമയത്ത് അനുവദിച്ചിരുന്നില്ല. എട്ട് മാസം മുമ്പ് 70 വണ്ടികള്‍ ബോഡി പണിയാനായി കൊണ്ടുപോയി. പക്ഷേ, ബാക്കി വണ്ടികള്‍ക്കുള്ള പണം സര്‍ക്കാര്‍ അനുവദിക്കാത്തതുകൊണ്ടാണ് അവശേഷിക്കുന്ന വണ്ടികള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
ഒരു തീപിടുത്തമുണ്ടാകുമ്പോഴോ, അപകടമുണ്ടാകുമ്പോഴോ വണ്ടിയില്ലാത്തതുകൊണ്ടുമാത്രം ഫയര്‍ ഫോഴ്സ് വരാന്‍ വൈകിയെന്ന പരാതികള്‍ നമ്മുടെ നാട്ടിലുണ്ട്. ആ പരാതികളില്‍ കുറച്ചെങ്കിലും പരിഹാരമാകുമായിരുന്നു നശിച്ചുപോകുന്ന ഈ വണ്ടികള്‍ ഉപയോഗപ്രദമാക്കിയിരുന്നെങ്കില്‍.