കാത്തിരിപ്പിന് അറുതി. വട്ടിയൂര്‍ക്കാവ് ജംക്ഷന്‍ വികസനത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. രാവിലെ പത്തിന് നടന്ന ചടങ്ങില്‍, എം.എല്‍.എ കൂടിയായ മന്ത്രി കെ.മുരളീധരന്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 73.61 കോടി രൂപയുടെ നിര്‍മാണ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ. മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണക്കരാര്‍.
വട്ടീയൂര്‍ക്കാവ് ജംക്ഷനും അനുബന്ധ റോഡുകളും വികസിപ്പിച്ച് പ്രദേശത്തെ രൂക്ഷമായ ഗതഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ 10ത്ത് വര്‍ഷമായി സജീവ പരിഗണനയിലുള്ള പദ്ധതിയാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഏറ്റവും ചര്‍ച്ചയായ വിഷയമാണ് ജംക്ഷന്‍ വികസനം. സ്ഥലമേറ്റെടുപ്പുള്‍പ്പെടേയുള്ള നടപടികള്‍പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മാണം തുടങ്ങാന്‍ തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ചിട്ടും എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. അധികാരത്തിലെത്തി നൂറ് ദിവസം പിന്നിട്ടപ്പോള്‍ മണ്ഡലത്തിന്‍റെ എം.എല്‍.എയും മന്ത്രിയുമായ കെ മുരളീധരന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.
ഘട്ടം ഘട്ടമായാണ് ജംക്ഷന്‍ വികസനവും അനുബന്ധ റോഡ് വികസനവും പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ വട്ടിയൂര്‍ക്കാവ് – തോപ്പുമുക്ക്, മണ്ണറക്കോണം – പേരൂര്‍ക്കട, മണ്ണറക്കോണം – ശാസ്തമംഗലം എന്നീ റോഡുകളും, മണ്ണറക്കോണം – വഴയില റോഡിന്‍റെ 120 മീറ്ററും പൂര്‍ത്തിയാക്കും. മണ്ണറക്കോണം ജക്ഷനും വികസിപ്പിക്കും. എല്ലാം ചേര്‍ത്ത് 7.21 കിലോമീറ്റര്‍ റോഡ് 18.5 കിലോമീറ്റര്‍ വീതിയില്‍ നവീകരിക്കും. ഉദ്ഘാടനം ചെയ്താല്‍ പോര, പണി സമയത്തിന് തീര്‍ക്കണമെന്നാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.
റോഡുകളുടെ ഇരുവശവും ഓടകള്‍, ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ശ്വ ഭിത്തികള്‍, കലുങ്ക് തുടങ്ങിയവയും നിര്‍മിക്കും. വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി കണക്ഷനുകള്‍ മാറ്റി സ്ഥാപിക്കുന്നതായിരിക്കും ആദ്യം ചെയ്യുക. അതിനുവേണ്ടി മാത്രം 13.3 കോടി രൂപയാണ് ചെലവഴിക്കുന്നത്.