എല്‍ഡിഎഫ് കാലത്ത് നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയെന്ന ഗുരുതര സംശയം നിയമസഭയില്‍ ഉന്നയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന് . അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. 2023 മുതലുണ്ടായ ആറ് നിപ മരണങ്ങളും അന്വേഷിക്കും.
നിപ , കോവിഡ് തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്കിയ ജീവന് രക്ഷാ മരുന്നായിരുന്നു റെംഡിസിവര്‍. ഈ മരുന്നിന്റെ കാവാവധി കഴിഞ്ഞിട്ടും ഉപയോഗിച്ചു എന്ന വിവരമാണ് സംബ്മിഷനിലൂടെ മാത്യു കുഴല്നാടന് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. അവസാനമായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വഴി മരുന്നു വാങ്ങിയത് 2021 ജൂണ്‍ 3 ന്. മരുന്നിന്റെ കാലാവധി കഴിഞ്ഞത് 2023 മേയ് 30 നും. 2023 ജൂണ്‍ മുതല്‍ 2025 വരെയുളള മൂന്ന് നിപ കാലങ്ങളില്‍ 11 പേര്‍ക്ക് രോഗബാധയുണ്ടായി. ആറുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുളള റിപ്പോര്‍ട്ട് പ്രകാരം 2023– 24 സാമ്പത്തിക വര്‍ഷം 102 വയലും 2024 – 25ല്‍ 34 വയലും 2025 – 26 ല്‍ 10 വയലും മരുന്നുപയോഗിച്ചുണ്ട്.
മരുന്ന് നല്കിയ മുഴുവന്‍ രോഗികളുടേയും വിവരം ശേഖരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. സാംക്രമിക രോഗ ചികില്‍സാ വിദഗ്ധന്‍ ഡോ അരവിന്ദിന്റെ നേതൃത്തിലുളള മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം നടത്തും. കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയത് രോഗികളുടെ മരണത്തിന് കാരണമായോ എന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായോ എന്നും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.