കൊച്ചി കടവുംഭാഗം സിനഗോഗിനു തീവച്ച കേസ് എന്‍ഐഎ ഏറ്റെടുത്തു. പ്രതി എബിൻ പി. പോളിനെതിരെ യുഎപിഎ (നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തിയതിനു പിന്നാലെയാണ് എന്‍ഐഎ നടപടി.  FIRST ON MANORAMA NEWS

 

സിനഗോഗ് തീവയ്പ്് കേസ് അന്വേഷണം ഭീകരവിരുദ്ധ സ്ക്വാഡ് ഏറ്റെടുക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ആവശ്യമുന്നയിച്ച് എ.ടി.എസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള കേസെന്നും SIT വിലയിരുത്തി. 

 

ഇന്ത്യയിലെ ജൂതമത വിശ്വാസികൾക്കു ഭീതിയുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാരോപിച്ചാണ് യുഎപിഎ നിയമത്തിലെ 16 (1)(ബി) വകുപ്പു ചുമത്തി, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ റിപ്പോർട്ട് പൊലീസ് നൽകിയത്. എബിൻ പോളിനെതിരെ മൂവാറ്റുപുഴ പൊലീസ് 3 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. അമ്പലംപടിയിലെ നാരായണ മന്ദിരം വീട്ടിൽ 2 തവണ പെട്രോളൊഴിച്ച് തീവച്ച സംഭവങ്ങളിലും വാളകം മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിടാൻ ശ്രമിച്ച സംഭവത്തിലുമാണ് കേസെടുത്തത്. 

 

അന്വേഷണം പുണെയിലേക്കും വ്യാപിപ്പിച്ചിരുന്നു. എബിൻ പോൾ ഇന്റീരിയർ ഡിസൈനിങ് പഠിച്ച പുണെയിലെ സിംബയോസിസ് കൽപിത സർവകലാശാലയിലാണ്  അന്വേഷണം നടത്തിയത്. എബിൻ പോളിന്റെ അധ്യാപകരിൽ നിന്ന് വിവരം തേടുമെന്നും പഴയ സഹപാഠികളെയും പഠനകാലത്ത് ബന്ധമുണ്ടായിരുന്നവരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നത്.

 

എബിൻ പോളിന്റെ യഥാർഥ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമുള്ള വിവരങ്ങൾ കൂടി ലഭിച്ച ശേഷമേ യഥാർഥ ലക്ഷ്യവും ബന്ധങ്ങളും വ്യക്തമാകൂ. ബോസ് എന്ന വിളിപ്പേരിലുള്ളയാളുടെ നിർദേശപ്രകാരമാണു തീയിട്ടതെന്ന് എബിൻ പറയുന്നുണ്ടെങ്കിലും ഇതാരാണെന്ന് വ്യക്തമായിട്ടില്ല. തനിക്കു നിർദേശം നൽകിയവരുടെ പേരുകൾ വിക്രം എന്നും എസ്ആർ എന്നും ആണെന്നു ചോദ്യം ചെയ്യലിനിടെ എബിൻ പറഞ്ഞിട്ടുണ്ട്. ബോസും എസ്ആറും വിക്രമും ഒരാളാണോയെന്നു വ്യക്തമല്ല. ക്രിപ്റ്റോ കറൻസിയിൽ പണമെത്തിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണു രാജ്യാന്തര ബന്ധമുള്ള കേസാണെന്നു പൊലീസ് പറയുന്നത്. 

 

ഡാർക്‌വെബ്ബിൽ എബിൻ പോളിന്റെ പോസ്റ്റുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തുള്ളവർക്കും ടെലിഗ്രാമിലൂടെ എബിൻ പോളിനു നിർദേശം നൽകാനും ക്രിപ്റ്റോ കറൻസി വഴി പണം നൽകാനും കഴിയും. അതുകൊണ്ടു തന്നെ രാജ്യാന്തര ബന്ധം തെളിയിക്കാൻ കൂടുതൽ തെളിവു കണ്ടെത്തേണ്ടി വരും. ഡാർക്‌വെബ്ബിലൂടെ എബിൻ പോൾ ബന്ധപ്പെട്ടവരിൽ, ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘമായ ലോറൻസ് ബിഷ്ണോയ് സംഘത്തെപ്പറ്റി എബിൻ പോൾ ഇന്റർനെറ്റിലും ഡാർക്‌വെബ്ബിലും തിരഞ്ഞതിന്റെ സൂചനകൾ ലഭിച്ചതായും എന്നാൽ ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നതിനു തെളിവില്ലെന്നും സെൻട്രൽ പൊലീസ് അറിയിച്ചു. ഇന്റർനെറ്റിലും ഡാർക്ക് വെബ്ബിലും എബിൻ ചിലരുമായി നടത്തിയ ചാറ്റുകളിൽ, ബിഷ്ണോയ് സംഘത്തെ പറ്റി പരാമർശിച്ചിട്ടുണ്ട്.

 

 

ENGLISH SUMMARY:

Malayala Manorama Online News reports that the National Investigation Agency (NIA) has taken over the Kochi Kadavumbhagam Synagogue arson case involving accused Ebin P. Paul under the Unlawful Activities Prevention Act (UAPA). Investigators are probing his international connections, dark web activity, and potential terror funding after multiple arson incidents in Kerala.