ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് വിതരണവും ആരോഗ്യ ടാസ്ക്ക് ഫോഴ്‌സ് രൂപീകരണവും ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ. ആര് എതിർത്താലും വിലകുറഞ്ഞ മരുന്ന് നൽകുമെന്നും ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രിയും സൗജന്യമായി മരുന്ന് വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രിയും അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയായി പറഞ്ഞു. രണ്ടു തീരുമാനങ്ങളുംആരോഗ്യ രംഗത്തെ കച്ചവടക്കാർക്ക് വിൽക്കാനുള്ള  ശ്രമമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. 

വില കൂടിയതെങ്കിലും ഗുണനിലവാരം ഉറപ്പിച്ച എസ്എംഎ മരുന്ന് മാറ്റി രോഗ ബാധിതരായ കുട്ടികളെ എന്തിനാണ് സർക്കാർ മരുന്ന് പരീക്ഷണത്താന് വിധേയമാക്കിയത് എന്നാണ് പ്രതിപക്ഷം നിയമ സഭയിൽ ഉന്നയിച്ച പ്രധാന ചോദ്യം. വിലകുറഞ്ഞതും എല്ലാ അനുമതികളും ലഭിച്ചതുമായ മരുന്നാണ് വിതരണം ചെയ്യുന്നത് എന്ന മറുപടിയുമായി മുഖ്യമന്ത്രി എഴുന്നേറ്റു.

സൗജന്യമായി ഈ മരുന്ന് നൽകുമെന്ന് ആരോഗ്യ മന്ത്രിയും പറഞ്ഞു. നാറ്റ് കോ എന്ന കമ്പനി മാത്രം ടെണ്ടറിൽ പങ്കെടുത്തത് എന്താണെന്ന് പ്രതിപക്ഷം ചോദിച്ചു. ആരോഗ്യ ടാസ്‌ക് ഫോഴ്‌സിലേക്ക് തിരിഞ്ഞ പ്രതിപക്ഷം കോർപ്പറേറ്റ് വത്ക്കരണമാണ് സർക്കാർ ലക്ഷ്യമെന്ന് ആരോപിച്ചു. ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷ നേതാവ് നിശിതമായി വിമർശിച്ചു.

ടാസ്ക്ക് ഫോഴ്‌സ് രൂപീകരണത്തെ ന്യായികരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇരുപതാമത്തെ ആളായാണല്ലോ ആരോഗ്യമന്ത്രി ടാസ്‌ക് ഫോഴ്‌സ് ഫയൽ കണ്ടതെന്ന് നന്നായി കുത്തി പ്രതിപക്ഷം. ടാസ്‌ക് ഫോഴ്‌സിനെ കുറിച്ച് ആരോഗ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത് സർക്കാരിൽ നിൽക്കുന്ന അഭിപ്രായ ഭിന്നതക്ക് തെളിവായി. പാർട്ടിയല്ല ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുന്നത് എന്നു കൂടി മുഖ്യമന്ത്രി പറഞ്ഞു വെച്ചത് പ്രതിപക്ഷത്തെ മാത്രം ലക്ഷ്യം വെച്ചല്ല എന്നും വ്യക്തം. 

കേരളത്തിലെ ആരോഗ്യമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊണ്ട് എല്ലാനേട്ടങ്ങളെയും തിരിച്ചടിക്കാനാണ് സർക്കാർ ശ്രമമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ENGLISH SUMMARY:

Kerala CM SMA medicine defense highlights the government's commitment to distributing affordable treatment despite opposition protests in the assembly. The controversy deepened as opposition parties staged a walkout over the new health task force and medicine trial concerns.