എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ് വീണ്ടും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനത്തില്‍ മെല്ലെപ്പോക്ക് നടത്തുന്ന സര്‍ക്കാര്‍ എയ്ഡഡ് നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് കടുത്ത സമരത്തിനൊരുങ്ങുന്നത്. സമരസമിതി സെക്രട്ടറി വളര്‍മതി ഇന്ന് 11 മണിക്ക് തലമുണ്ഡനം ചെയ്ത് നിരാഹാരം തുടങ്ങും.

എല്‍പിഎസ്‍ടി നിയമനത്തിനുള്ള പിഎസ്‍സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് രണ്ടാം അധ്യയന വര്‍ഷമായി. നാലുജില്ലകളില്‍ ഒന്നാം റാങ്കുകാരന് പോലും നിയമനമായില്ല. ബാക്കി ജില്ലകളില്‍ നാമമാത്രമായ നിയമനങ്ങള്‍. പ്രതീക്ഷയറ്റ റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം പ്രഖ്യാപിക്കുന്നത് ജൂലായ് ആറിനാണ്. 

മണ്ണുവാരിത്തിന്നും പുല്ല് തിന്നും മുട്ടില്‍ നിന്നും സമരം ചെയ്തു റാങ്ക് ഹോള്‍ഡേഴ്സ്. പൊരിവെയിലത്ത് കുഞ്ഞുമക്കളുമായെത്തി. ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ പക്ഷേ തിരിഞ്ഞുനോക്കിയില്ല. സമരത്തിന്‍റെ 18–ാം നാള്‍ സമരസമിതി സെക്രട്ടറി വളര്‍മതി അനിശ്ചിതകാല നിരാഹാരം തുടങ്ങി.

നിരാഹാരത്തിന്‍റെ എട്ടാം നാള്‍ വളര്‍മതി ആരോഗ്യം തീരെ ക്ഷയിച്ച് കിടപ്പിലായി. അന്ന് വളര്‍മതിക്ക് പിന്തുണ നല്‍കി സമരപ്പന്തലിലെ മറ്റ് ഉദ്യോഗാര്‍ഥികളും അനിശ്ചിതകാല നിരാഹാരം തുടങ്ങി. നാള്‍ക്കുനാള്‍ വലുതായ സമരപ്പന്തലും ശക്തമായി തുടര്‍ന്ന നിരാഹാര സമരവും പ്രതിപക്ഷ പിന്തുണയും സര്‍ക്കാരിന്‍റെ ആദ്യനാളുകളില്‍ തന്നെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ഒടുവില്‍ ഉദ്യോഗാര്‍ഥികളെ വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും 45 ദിവസം സമയം വേണമെന്നും പറഞ്ഞ് മന്ത്രി നിരാഹാരം അവസാനിപ്പിച്ചു.

പരസ്യപ്രതിഷേധം ഒഴിവാക്കിയെങ്കിലും സമരപ്പന്തലില്‍ ഉദ്യോഗാര്‍ഥികള്‍ തുടര്‍ന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട 45 ദിവസവും ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കരുതി കാത്തിരുന്നു. 50 ദിവസം പിന്നിട്ടിട്ടും മന്ത്രി പറഞ്ഞ വാക്ക് പാലിച്ചില്ല. ഇതോടെ പരസ്യപ്രതിഷേധങ്ങളുമായി സമരപ്പന്തല്‍ വീണ്ടുമുണര്‍ന്നു. 

സമരം ആറിത്തണുക്കുമെന്ന് കരുതിയ വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റാങ്ക് ഹോള്‍ഡേഴ്സ് ഇന്ന് വീണ്ടും അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുകയാണ്. സര്‍ക്കാര്‍ കണ്ണുതുറക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് സമരസമിതി ചോദിക്കുന്നത്.

ENGLISH SUMMARY:

LPST rank holders protest is restarting in Kerala as job seekers demand immediate action against the delay in PSC rank list appointments. The agitating candidates are launching an indefinite hunger strike in front of the secretariat due to unmet promises by the government.