തിരുവനന്തപുരം ഡിസിസി പിരിച്ചുവിടുമെന്ന് മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി. നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന റാലിയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ പങ്കെടുക്കാത്തതാണ് എഐസിസി ജനറൽ സെക്രട്ടറിയെ ചൊടിപ്പിച്ചത്. ഒരു ബാനർ വലിച്ചു കെട്ടിയാൽ യോഗമാകില്ലെന്ന് ദീപാ ദാസ്മുൻഷി നേതാക്കളെ ഓർമിപ്പിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന റാലിയിൽ തിരുവനന്തപുരം ജില്ലയിൽനിന്ന് പങ്കെടുക്കേണ്ടവരുടെ എണ്ണം ഉൾപ്പെടെ തീരുമാനിക്കാൻ ചേർന്ന ഡിസിസി യോഗത്തിലാണ് പ്രധാന നേതാക്കൾ എല്ലാം വിട്ടുനിന്നത്. എഐസിസി നിരീക്ഷകൻ എച്ച്.കെ പാട്ടീലിനൊപ്പമാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി യോഗത്തിനെത്തിയത്.
ജില്ലയിലെ എംഎൽഎമാരും കെപിസിസി ഭാരവാഹികളും ഡിസിസി ഭാരവാഹികളും ബ്ലോക്ക് പ്രസിഡണ്ടുമാരും പോഷക സംഘടന നേതാക്കളും ഉൾപ്പെടെ പങ്കെടുക്കണമെന്ന് ആയിരുന്നു എഐസിസി നിർദ്ദേശം. 360 പേർ പങ്കെടുക്കേണ്ട യോഗത്തിനെത്തിയത് 35ൽ താഴെ പേരാണ്. അതീവ ഗുരുതര വീഴ്ചയാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇങ്ങനെയാണെങ്കിൽ ഡിസിസി പിരിച്ചുവിടേണ്ടി വരുമെന്നും ദീപ ദാസ് മുൻഷി തുറന്നടിച്ചു.
ഈ രീതിയിൽ മുന്നോട്ടുപോകാൻ ആവില്ലെന്ന് പറഞ്ഞ അവർ, ചുമരിൽ ഒരു ബാനർ വലിച്ചുകിട്ടിയാൽ യോഗമായി എന്നാണോ കരുതുന്നതെന്ന് പരിഹസിച്ചു. കെപിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ചു യോഗത്തിന് എത്തിയ എംഎൽഎ കൂടിയായ ഡിസിസി പ്രസിഡന്‍റ് എൻ. ശക്തനും യോഗം പൂർത്തിയാകും മുൻപ് മടങ്ങി.