പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയിൽ ഇന്ത്യ സഖ്യ നേതാക്കൾക്ക് അതൃപ്തി. മുതിർന്ന നേതാക്കൾ വാക്കുകളിൽ സൂക്ഷ്മത പുലർത്തണമെന്നും സർക്കാർ പ്രതിരോധത്തിൽ ആയിരിക്കെ ബിജെപിക്ക് ആയുധമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം എന്നും അഭിപ്രായം. എന്നാൽ ഇതിലും വലിയ വിമർശനങ്ങൾ മോദി, ഗാന്ധി കുടുംബത്തിനെതിരെ നടത്തിയിട്ടുണ്ടെന്നും നിരന്തരം രാഹുൽ ഗാന്ധിയെ അപമാനിക്കുമ്പോൾ ബിജെപി നേതാക്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നുമാണ് കോൺഗ്രസിന്റെ മറുചോദ്യം.

അതേസമയം, വോട്ട് കൊള്ള ആരോപണത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ച് സർക്കാരിനെ രക്ഷപ്പെടാൻ അനുവദിക്കരുത് എന്ന് സിപിഐയും പ്രതികരിച്ചു. ഖർഗെയുടെ മാപ്പ് ആവശ്യപ്പെടുന്ന ബിജെപി നേതാക്കൾ മോദി നേരത്തെ നടത്തിയ പ്രസ്താവനകൾ ഓർക്കണം. ഖർഗെ നടത്തിയ പ്രസ്താവന ശൈലിയുടെ ഭാഗവും പ്രസംഗത്തിന്റെ ആവേശത്തിൽ പറഞ്ഞു പോയതും ആകാമെന്നും സന്തോഷ് കുമാർ എം.പി മനോരമ ന്യൂസിനോട് പറഞ്ഞു.

വിഷയത്തില്‍ വ്യാപകമായി പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ബിജെപിയും. എല്ലാ സംസ്ഥാനങ്ങളിലും പരാതി നൽകാനാണ് നീക്കം. വ്യാപക പ്രതിഷേധത്തിനും ആഹ്വാനമുണ്ട്. രാഷ്ട്രീയ പോരിനിടെ പിതാവിനെ അപമാനിക്കുന്നു, മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച ഖര്‍ഗെ മാപ്പ് പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. തുടര്‍ പരാജയങ്ങളിലെ കോൺഗ്രസിന്റെ അസ്വസ്ഥതയാണ് പ്രകടമാകുന്നത് എന്നും കോൺഗ്രസ് നേതാക്കൾ തരംതാഴ്ന്നതിൽ അദ്ഭുതമില്ല എന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

പട്നയിലെ പൊതുപരിപാടിക്കിടെയായിരുന്നു ഖർഗെയുടെ വിവാദ പരാമർശം. വോട്ട് കൊള്ള നടത്തിയ മോദിയെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ അത് ചെയ്യും എന്നും ഖര്‍ഗെ പറഞ്ഞതാണ് സദസില്‍ ഉണ്ടായിരുന്ന ഒരാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വോട്ട് കൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി ജയിലില്‍ പോകില്ലെന്ന് വിളിച്ചുപറഞ്ഞ ഇയാളോട് മോദിയുടെ പിതാവും പോകും എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ മറുപടി. പ്രതിഷേധിച്ചയാളെ കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Opposition INDIA bloc leaders have expressed displeasure over Congress President Mallikarjun Kharge's controversial personal remarks targeting Prime Minister Narendra Modi during a Patna rally. Senior alliance leaders advised maintaining caution in speech to prevent giving the ruling BJP ammunition when the government is already on the defensive. However, Congress defended its president by pointing out that BJP leaders have made far worse personal attacks against the Gandhi family and Rahul Gandhi while keeping silent within their own ranks. Meanwhile, CPI MP Santhosh Kumar noted that Kharge's comment was made in the heat of his speech and urged opposition forces to stay focused on the vote theft allegations rather than letting the BJP distract the public.