കോവിഡ് കാലത്ത് സര്‍ക്കാര്‍ ആരോഗ്യവകുപ്പിലേക്ക് വാങ്ങിയ ഐഫോണുകള്‍ അടിച്ചുമാറ്റിയവര്‍ കുടുങ്ങും. ഫോണ്‍ അന്വേഷിച്ച് പൊലീസും വിജിലന്‍സും എത്തും. ആരോഗ്യ വകുപ്പിലെ ആവശ്യത്തിന് വാങ്ങിയ ഐഫോണുകൾ അടിച്ചുമാറ്റി വീട്ടിൽ കൊണ്ടുപോയവരെയൊന്നും വെറുതെ വിടില്ല എന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിലപാട്. വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ഐഎംഇഐ നമ്പർ വഴി ഫോൺ എവിടെയെന്ന് പരിശോധിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇതിനായി ആരോഗ്യ വകുപ്പ് സൈബർ സെല്ലിലും പരാതി നൽകും.
കണ്ണ് പരിശോധനയുടെ പേരിലാണ് ഫണ്ടസ് ക്യാമറകളും അതിൽ ഉപയോഗിക്കാൻ 6 S മോഡല്‍ 224 ഐഫോണുകളും വാങ്ങിയത്. അന്ന് വാങ്ങിയ ഉപകരണങ്ങൾ പലതും ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഐഫോണുകളിൽ പലതും കാണാനുമില്ല. ഫണ്ടസ് ക്യാമറ വാങ്ങിയത് റെമഡിയോ ഇന്നവേറ്റീവ് സൊല്യൂഷൻസ് കമ്പനിയിൽ നിന്നാണ്. 7 കോടി 16 ലക്ഷത്തിന്റെ ഇടപാടാണ് ഇതില്‍ നടന്നതെന്ന് അബിന്‍ വര്‍ക്കി എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മന്ത്രി സഭയില്‍ അറിയിച്ചിരുന്നു.