2026-27 അധ്യയന വർഷം മുതൽ 9, 10 ക്ലാസുകളിലെ ഭാഷാ പദ്ധതിയിൽ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE). മേയ് 15-ന് പുറപ്പെടുവിച്ച സർക്കുലറിലാണ് പരിഷ്കരിച്ച ഘടന പ്രഖ്യാപിച്ചത്. ഇത് ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF-SE) 2023 എന്നിവയ്ക്ക് അനുസൃതമായാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കി. പുതിയ വിജ്ഞാപനമനുസരിച്ച് 2026 ജൂലൈ 1 മുതൽ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് R1, R2, R3 എന്നീ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധിതമാകും. ഈ ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണമെന്നും ബോർഡ് നിര്‍ദേശിച്ചിട്ടുണ്ട്.
9, 10 ക്ലാസുകളില്‍ ഭാഷാ പദ്ധതി പരിഷ്കാരം
2026-27 അധ്യയന വർഷത്തേക്ക് 9, 10 ക്ലാസുകൾക്കായി എൻ.സി.ഇ.ആർ.ടി (NCERT) അടുത്തിടെ പുറത്തിറക്കിയ പാഠ്യപദ്ധതി അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ബോർഡ് അറിയിച്ചു. നിലവിലെ അധ്യയന വർഷം 2026 ഏപ്രിലിൽ തന്നെ ആരംഭിച്ചതാണെങ്കിലും ഇത് നടപ്പിലാക്കുന്നതിനായി ഒരു പരിവർത്തന സമീപനം (transitional approach) പിന്തുടരുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. പരിഷ്കരിച്ച ഭാഷാ നയപ്രകാരം ഒരു വിദേശ ഭാഷ പഠിക്കണമെങ്കില്‍ തിരഞ്ഞെടുത്ത മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ സാധിക്കൂ. വിദേശ ഭാഷകൾ നാലാമതൊരു അധിക ഭാഷയായും പഠിക്കാവുന്നതാണ്.
ഭാഷാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതുക്കിയ പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങൾ, യോഗ്യതകൾ, പഠന ഫലങ്ങൾ എന്നിവ സൂക്ഷ്മമായി വിലയിരുത്താൻ സി.ബി.എസ്.ഇ തങ്ങളുടെ കീഴിലുള്ള എല്ലാ സ്കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അധ്യാപന രീതികള്‍ സംബന്ധിച്ചും സി.ബി.എസ്.ഇ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മിഡിൽ സ്റ്റേജ് (Middle Stage), സെക്കൻഡറി സ്റ്റേജ് (Secondary Stage) വിദ്യാഭ്യാസങ്ങൾ തമ്മിൽ റീഡിങ് കോംപ്രിഹെൻഷൻ (വായിച്ചു മനസ്സിലാക്കൽ), ഓറൽ കമ്മ്യൂണിക്കേഷൻ, വ്യാകരണം, എഴുത്ത് നൈപുണ്യം തുടങ്ങിയ ഭാഷാപരമായ യോഗ്യതകളിൽ 75 മുതൽ 80 ശതമാനം വരെ സാമ്യമുണ്ടെന്ന് സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.
R3-ന് വേണ്ടിയുള്ള പ്രത്യേക പാഠപുസ്തകങ്ങൾ പുറത്തിറങ്ങുന്നത് വരെ, ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ 2026-27 അധ്യയന വർഷത്തിൽ തങ്ങൾ തിരഞ്ഞെടുത്ത ഭാഷയുടെ ആറാം ക്ലാസിലെ R3 പാഠപുസ്തകങ്ങളായിരിക്കും ഉപയോഗിക്കണം. കവിതകൾ, ചെറുകഥകൾ, ഫിക്ഷൻ കൃതികൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശികമമായ സാഹിത്യ സാമഗ്രികൾ കൂടി ഉൾപ്പെടുത്തി ഈ പാഠപുസ്തകങ്ങൾക്ക് അനുബന്ധമായി ഉപയോഗിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ സാമഗ്രികളുടെ തിരഞ്ഞെടുപ്പും അവയുടെ അധ്യാപനപരമായ ഉപയോഗവും സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ 2026 ജൂൺ 15-നകം പുറപ്പെടുവിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
ഭാഷാ അധ്യാപകർക്കായി സ്കൂളുകൾക്ക് താൽക്കാലിക ഇളവുകൾ
മാറ്റത്തിന്‍റെ ഈ ഘട്ടത്തിൽ ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നതിനായി യോഗ്യരായ അധ്യാപകരെ കണ്ടെത്തുന്നതിൽ ചില സ്കൂളുകൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന് ബോർഡ് അംഗീകരിച്ചു. അതിനാല്‍ സഹോദയ ക്ലസ്റ്ററുകൾ വഴിയുള്ള സ്കൂളുകൾ തമ്മിലുള്ള വിഭവ പങ്കിടൽ, ഹൈബ്രിഡ് അധ്യാപന സഹായം, വിരമിച്ച ഭാഷാ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തൽ, യോഗ്യരായ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരികളെ നിയമിക്കൽ തുടങ്ങിയ താൽക്കാലിക ക്രമീകരണങ്ങൾ നടത്താൻ സി.ബി.എസ്.ഇ സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 19 ഭാഷകളിലായുള്ള ആറാം ക്ലാസിലെ R3 പാഠപുസ്തകങ്ങൾ 2026 ജൂലൈ 1-ന് മുൻപായി സ്കൂളുകൾക്ക് ലഭ്യമാക്കുമെന്നും ബോർഡ് അറിയിച്ചു.