rahul-gandhi-3

‘ചോദ്യപ്പേപ്പർ ചോർച്ചക്കെതിരായ ശബ്ദം സർക്കാർ കേൾക്കുന്നില്ലെങ്കിൽ കൂടുതൽ ഉച്ചത്തിൽ ആക്കണം...ഓരോ ചോദ്യപേപ്പർ ചോർച്ചയും റദ്ദാക്കിയ പരീക്ഷകളും തകര്‍ത്തത് ലക്ഷക്കണക്കിന് സ്വപ്നങ്ങളാണ്... പോരാടണം ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’.. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനമാണ്. 

പരീക്ഷാ പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ ജെന്‍സികളെയും യുവാക്കളെയും അണിനിരത്തി കേന്ദ്ര സര്‍‍ക്കാരിനെതിരെ ഈ മാസം 17 മുതല്‍ പോരാട്ടത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ്. ചോദ്യ പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മെയ് 3ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയത് മെയ് 12ന്... ക്രമക്കേട് ആരോപണം ഉയര്‍ന്ന സിബിഎസ്ഇ 12ആം ക്ലാസ് ഫലം പുറത്ത് വന്നത് മെയ് 13ന്.. ഒരു മാസം എവിടെയായിരുന്നു എന്നും എന്തുകൊണ്ട് ഇപ്പോള്‍ പോരാട്ടത്തിനിറക്കം എന്നും ചോദിച്ചാല്‍ പരസ്യവും രഹസ്യവുമായ കാരണങ്ങള്‍ ഏറെയുണ്ട് കോണ്‍ഗ്രസിന്. 

2017 മുതല്‍ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നുണ്ട്. നിലവിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനതലങ്ങളില്‍ എന്‍എസ‌്‌യുവും യൂത്ത് കോണ്‍ഗ്രസും വമ്പന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത് നിലവില്‍ അത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമാക്കുന്നു. ഇതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം. ഇനി രഹസ്യം. കോക്രോച്ചുകള്‍ ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. രാജ്യവ്യാപകമായി കോക്രോച്ചുകള്‍ തെരുവിലിറങുമ്പോള്‍ പിന്തുണച്ച് പോകുന്നത് പ്രതിപക്ഷത്തിന്റെ യുവനിരയാണ്. നാളെ ഏത് രീതിയിലേക്കും തിരിയാവുന്ന യുവ കൂട്ടായ്മ ഉണ്ടാക്കുന്ന ആശങ്ക ചില്ലറയല്ല. അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് ഇരച്ചെത്തിയ ഇന്ത്യ എഗെയ്നിസ്റ്റ് കറപ്‌ഷന്‍ മൂവ്മെന്റ് എന്ന ജനക്കൂട്ടം എഎപിയായതും കയ്യിലിരുന്ന ഡല്‍ഹിയും പഞ്ചാബും പിടിച്ചെടുത്തതുമായ അനുഭവം കോണ്‍ഗ്രസിനുണ്ട്. 

ഛാത്രോം കി ഗൂഞ്ച് (വിദ്യാര്‍ഥികളുടെ ശബ്ദം)

പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോൺഗ്രസ് ഇറങ്ങുന്നത്  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ്. നാളെ (ജൂൺ 17 ന് ) രാജസ്ഥാനിലെ കോട്ടയിലാണ് ആദ്യ മഹാ റാലി. ചൂട്ടു പൊള്ളുന്ന ഉഷ്ണതരംഗത്തിനിടയിലും കോണ്‍ഗ്രസ് ആദ്യ റാലിക്ക് കോട്ട തിരഞ്ഞെടുത്തതിന് കാരണമുണ്ട്. രാജ്യത്തെ എൻട്രൻസ് കോച്ചിങ് ഹബ്ബുകളിലൊന്നാണ് കോട്ട. എന്നാല്‍ കോട്ടയില്‍ പരിശീലനത്തിലുള്ള നിരവധി വിദ്യാര്‍ഥികളാണ് ഒരോ വര്‍ഷവും ജീവനൊടുക്കുന്നത്. മാനസിക സംഘര്‍ഷം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിങ്ങനെ പ്രാഥമിക കാരണങ്ങള്‍ പൊലീസ് പലത് പറയാറുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാതെ പോകുന്നതാണ് പതിവ്.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രോഷം സ്ഥിരമായി നിനില്‍ക്കുന്ന ഇടത്തേക്കാണ് മഹാറാലിയുമായി രാഹുല്‍ ഗാന്ധി എത്തുന്നത്.  ‌കോട്ടയ്ക്ക് പുറമെ ജൂലൈ 10ന് അലഹബാദിലും (പ്രയാഗ്‌രാജ്), ജൂലൈ 11ന് പട്നയിലും, ജൂലൈ 14ന് ഡൽഹിയിലുമാണ് വിദ്യാര്‍ഥി മഹാറാലികള്‍ സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും ഒന്നിപ്പിക്കാനും, പരീക്ഷാ ക്രമക്കേടുകളിൽ ഇരകളായവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനും ഇതിലൂടെ വേദി ഒരുക്കും. ഛാത്രോം കി ഗൂഞ്ച്  എന്ന പേരില്‍ വിദ്യാഭ്യാസത്തെ സംരക്ഷിക്കു ഭാവിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് മഹാറാലി നടത്തുന്നത്. പരീക്ഷാ വിവാദങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാണ് പ്രധാന ആവശ്യം.

തുടർച്ചയായുള്ള ചോദ്യപ്പേപ്പർ ചോർച്ചകളും വർദ്ധിച്ചുവരുന്ന പരീക്ഷാ ഫീസും കാരണം രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. സുതാര്യമായ രീതിയിൽ പരീക്ഷകൾ നടത്തുന്നതിൽ മോദി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. നീറ്റ് പരീക്ഷാ നടത്തിപ്പ് വികേന്ദ്രീകരിക്കുക, വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കുക, ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക, CBSE വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് ക്യാമ്പയിനിലൂടെ കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. വിദ്യാർത്ഥി-യുവജന പ്രശ്നങ്ങൾ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സമഗ്രമായി ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.എസ്.യു, യൂത്ത് കോൺഗ്രസ്, പി.സി.സി, ഡി.സി.സി എന്നിവയുടെ നേതൃത്വത്തിൽ രാജ്യത്തെ ക്യാമ്പസുകൾ, കോച്ചിങ് സെന്ററുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തിയും, സമൂഹ മാധ്യമങ്ങൾ വഴിയും വിദ്യാർത്ഥികളെ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. അതായത് രാജ്യത്തെ ഓരോ യുവ ശബ്ദത്തെയും കോൺഗ്രസിന്റെ ബബർ ശേറുകളായി(സിംഹങ്ങള്‍) തെരുവിൽ ഇറക്കാനാണ് ശ്രമം എന്നർത്ഥം.

രാഹുലിന്റെ പിറന്നാളില്‍  മെഗാ തൊഴിൽ മേള

റെക്കോർഡ് ഭേദിക്കുന്ന തൊഴിലില്ലായ്മയ്ക്കും രാജ്യത്ത് അടുത്തിടെയുണ്ടായ പേപ്പർ ചോർച്ചാ വിവാദങ്ങൾക്കുമിടെ, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് യുവാക്കൾക്കായി ഈ ക്രിയാത്മക ചുവടുവെപ്പ് നടത്തുന്നത്. മെഗാ തൊഴിൽ മേള. 150-ലധികം  കമ്പനികൾ അണിനിരക്കും. രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനമായ ജൂൺ 19-ന് രാവിലെ 10 മണിക്ക് ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് മേള . പുറത്ത് വിട്ട രജിസ്ട്രേഷൻ കോഡ് സ്കാൻ ചെയ്യുമ്പോൾ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ വെബ്സൈറ്റ് തുറക്കുമെന്നും അവിടെ അപേക്ഷാ ഫോം പൂരിപ്പിക്കാമെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറിയിച്ചിട്ടുണ്ട്. ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യവും ഉണ്ട്. പത്താം ക്ലാസ് പാസായവർ മുതൽ ബിരുദാനന്തര ബിരുദധാരികൾ വരെയുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാം. 

തൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ തികച്ചും സൗജന്യം. മെഗാ തൊഴിൽ മേളയുടെ മുഴുവൻ നടപടിക്രമങ്ങളും സുതാര്യമായിരിക്കുമെന്ന് ചിബ്  ഉറപ്പുനൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്പപ്പോൾ തന്നെ ഓഫർ ലെറ്ററുകൾ കൈമാറും. തൊഴിൽ മേള അവസാനിച്ചതിന് ശേഷവും കോൺഗ്രസ് ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഒരു മാസത്തേക്ക് സജീവമായിരിക്കും. ഓഫർ ലെറ്റർ ലഭിച്ച ശേഷം ജോലിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗാർത്ഥിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ, ഈ ഹെൽപ്പ് ലൈൻ വഴി അത് പരിഹരിക്കും. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന തൊഴില്‍ മേളയില്‍ 18,000 പേർ രജിസ്റ്റർ ചെയ്തതിൽ 7,000-ത്തോളം യുവാക്കൾക്ക് ജോലി ലഭിച്ചു എന്നാണ് യൂത്ത് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതുപോലെ, ജയ്പൂരിൽ 3,000 യുവാക്കൾക്കും പട്നയിൽ 10,000-ത്തോളം പേർക്കും തൊഴിൽ ലഭിച്ചതായി പറയുന്നു. 

കോക്ക്റോച്ച് ജനത പാര്‍ട്ടിയോട് കയ്യകലം

നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം ഒറ്റയ്ക്ക് ശക്തമായി തുടരാനാണ് കോൺഗ്രസ് പോഷകസംഘടനകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. കോക്രോച്ച് ജനതാ പാർട്ടി  ഉൾപ്പെടെയുള്ള സംഘടനകളുടെ നീക്കങ്ങളിൽ ജാഗ്രത പാലിക്കാനും പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ'  സമരത്തിന് സമാനമായി, രാഷ്ട്രീയ എതിരാളികൾ ആസൂത്രണം ചെയ്യുന്ന പുതിയ തന്ത്രമാണോ സിജെപിയുടെ പ്രതിഷേധത്തിന് പിന്നിലെന്ന സംശയമാണ് കോൺഗ്രസിന്.

abhijeet-dipke-cjp

ആം ആദ്മി പാർട്ടിയുടെ  രൂപീകരണത്തിലേക്ക് നയിച്ച അന്നത്തെ സമരത്തിന്റെ പൊള്ളുന്ന അനുഭവവും അത് ഉണ്ടാക്കിയ നഷ്‌ടവും കോണ്‍ഗ്രസിന് ചില്ലറയല്ല. പാർട്ടിയുടെ കയ്യിൽ നിന്നും നഷ്‌ടപെട്ട ഡൽഹി എ എ പി യിലൂടെ പോയി ബിജെപിയിൽ എത്തി. നഷ്ടപ്പെട്ട് ആം ആദ്മി പാർട്ടിയുടെ കയ്യിലുള്ള പഞ്ചാബിൽ കണ്ണറിഞ്ഞു നിൽക്കുകയാണ് ബിജെപി . അതുകൊണ്ടൊക്കെ തന്നെയാണ് പ്രവർത്തകർക്കുള്ള ഹൈക്കമാന്റിന്റെ ഈ നിർദ്ദേശം. രാജ്യം ഒരിക്കൽ തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും ഇനിയത് ആവർത്തിച്ചുകൂടെന്നാണ് കോൺഗ്രസ് നിലപാട്. 'ജെൻ സി'  മുന്നേറ്റമെന്ന പേരിൽ ആളുകളെ കൂട്ടി പിന്നീട് അവരെ രാഷ്ട്രീയ പാർട്ടിയുമായി ചേർക്കാൻ ലക്ഷ്യമിടുന്ന ചിലരുടെ മറയാണ് നീറ്റ് വിവാദം എന്ന വിലയിരുത്തലും ഉണ്ട്. സിബിഎസ്ഇ, നീറ്റ് വിദ്യാർത്ഥികളുടെ നീതിയും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയുമാണ് പ്രധാന ആവശ്യമെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും കോൺഗ്രസ് ഉറപ്പിച്ചു പറയുന്നു

ഇന്ത്യ സഖ്യ പാർട്ടികളിലെ പാറ്റ ചര്‍ച്ച

രാജ്യത്ത് പ്രതിപക്ഷം ചെയ്യേണ്ട പണിയാണ് പാറ്റകളുടെ കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടി ചെയ്യുന്നത്. അതിനാൽ തന്നെ പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ഓരോ പ്രതിപക്ഷ പാർട്ടിക്കും ഓരോ അഭിപ്രായമാണ്. കോൺഗ്രസ് അകലം പാലിക്കുമ്പോൾ ഇടതു പാർട്ടികൾ ജന്തർമന്ത്രി നടന്ന സമരത്തിൽ സിജെപിക്കൊപ്പം അണി നിരന്നു.  ആദ്മി പാർട്ടി (എഎപി), സമാജ്‌വാദി പാർട്ടി (എസ്പി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ശിവസേന (യുബിടി), ഇടതുപക്ഷ പാർട്ടികൾ എന്നിവർ ക്യാമ്പയിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. 

cjp

പ്രതിഷേധത്തിന്റെ ഏറ്റവും ശക്തരായ പിന്തുണക്കാരിൽ ഒരാൾ എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആയിരുന്നു. യുവാക്കൾക്കിടയിൽ വളർന്നുവരുന്ന അതൃപ്തിയുമായാണ് അദ്ദേഹം ഈ പ്രസ്ഥാനത്തെ ബന്ധപ്പെടുത്തിയത്.എഎപിയുമായി മുമ്പ് ബന്ധമുണ്ടായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് പാർട്ടിയുടെ സോഷ്യൽ മീഡിയ കോർ ടീമിലെ പ്രധാന അംഗമായി പ്രവർത്തിച്ചിരുന്നു. 2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുടെ സോഷ്യൽ മീഡിയ ക്യാമ്പയിൻ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു, ആ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടിയിരുന്നു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധ വേദിയിൽ നിന്നുള്ള സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. പ്രതിഷേധക്കാരെ രാജ്യത്തിന്റെ ഭാവി നിർമ്മാതാക്കളും വിധിയെഴുതുന്നവരും എന്നാണ് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. പാറ്റകള്‍ എന്ന് വിളിച്ച് നിസ്സാരവൽക്കരിക്കുന്നതും അവർക്ക് നീതി നിഷേധിക്കുന്നതും ശരിയല്ല എന്നും താക്കറെ പറഞ്ഞു. ദിപ്കെയുടെ സ്വദേശം മഹാരാഷ്ട്രയാണ് എന്നതും ശ്രദ്ധേയമാണ്. വലിയ പ്രതിസന്ധിയിലൂടെ പാര്‍ട്ടി പോകുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും സിജെപിയെ പ്രശംസിച്ചു. 

ENGLISH SUMMARY:

Rahul Gandhi protest, exam paper leak protest, NEET controversy, CBSE exam irregularities, Congress student campaign, Chatron Ki Goonj, youth unemployment India, Congress rally Kota, Dharmendra Pradhan resignation demand, Indian Youth Congress, mega job fair Delhi, student protests India, education reforms India, NEET paper leak, Rahul Gandhi youth campaign