.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ യുവജന പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും പടരവേ സമവായനീക്കം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. സി.ജെ.പി. നിര്‍ദേശിച്ചപ്രകാരം ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ജന്തര്‍ മന്തര്‍ ഇന്നും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമരത്തിൽ പങ്കെടുക്കാൻ എത്തിയ 200 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇവർ കുഴപ്പക്കാരെന്ന് കണ്ടെത്തിയതിനാലാണ് തടങ്കലിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ 20ന് നടന്ന പ്രതിഷേധത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന അരോപണത്തിൽ സിആര്‍പിഎഫ് അന്വേഷണം തുടങ്ങി. Also Read: മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രം; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്
ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടി ഉറപ്പുനൽകി പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം. കുറ്റക്കാർക്ക് ശക്തമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ തിങ്കളാഴ്ച പാർലമെന്റില്‍ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു. ഇന്നുചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അന്തിമരൂപം നൽകും. യുവാക്കളുടെ ഭാവിയും ക്ഷേമവും ആണ് സർക്കാറിന് പരമപ്രധാനം. ഭാവി തകർക്കുന്നവരെ വെറുതെ വിടില്ലെന്നും വിഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു.
അതേസമയം, അർധരാത്രി വിഡിയോ പങ്കുവച്ച് വിദ്യാർഥികളെ മോദി അപമാനിക്കരുത് എന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, വിദ്യാർഥികളെ തല്ലിയവരെ ശിക്ഷിക്കുക, മോദി മാപ്പുചോദിക്കുക എന്നീ ആവശ്യങ്ങളും ആവർത്തിച്ചു. മോദിയുടെ വിഡിയോ സന്ദേശത്തെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തി. മതിൽ ഇല്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടുന്ന ചിത്രം പങ്കുവച്ചാണ് പരിഹാസം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍റെ രാജിയില്‍ ഉറച്ചുനില്‍ക്കുന്ന പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം കടുപ്പിക്കും. മന്ത്രി രാജിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കും എന്നാണ് അറിയാനുള്ളത്. കഴിഞ്ഞ നാലുദിവസമായി ഇരു സഭകളും പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.
ഡല്‍ഹിയിലെ വിദ്യാര്‍ഥിസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇന്ന് എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ ബന്ദ്. എസ്.എഫ്.ഐ ദേശീയതലത്തില്‍ പ്രഖ്യാപിച്ച ബന്ദ്, സ്കൂളുകളും, പ്രഫഷനല്‍ കോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ആകെ സ്തംഭിപ്പിക്കും. പ്രതിഷേധത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ ലോക്ഭവനിലേക്ക് എസ്.എഫ്.ഐ മാര്‍ച്ചും നടത്തും.