ഹവാല ഇടപാടിന് തെളിവായി ഇ.ഡി ഉയര്‍ത്തുന്ന മൊഴികള്‍ തള്ളി മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് ഹസന്‍ വാരീസ്. മകളെയും ഭാര്യയെയും കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൊഴി വാങ്ങിയതെന്നുകാട്ടി ഇ.ഡിക്ക് ഹസന്‍ കത്ത് നല്‍കി. മൂന്നാഴ്ച മുന്‍പു നല്‍കിയ കത്ത് പുറത്തുവന്നു. അതേസമയം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഡിജിപിക്ക് ഇ.ഡി. കത്തുനല്‍കിയത്. നിയമോപദേശം ലഭിച്ച ശേഷം കേസെടുക്കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍
മുഹമ്മദ് റിയാസിന്‍റെ ഹവാല ഇടപാടിന് തെളിവായി ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ ഇ.ഡി ഉയര്‍ത്തുന്ന തെളിവുകളിലൊന്ന് പണം കടത്തിയ ഹസന്‍ വാരീസ് കുറ്റം സമ്മതിച്ചെന്ന മൊഴിയാണ്. ഈ തെളിവിന്‍റെ വിശ്വാസ്യതക്ക് നേരെ ചോദ്യം ഉയര്‍ത്തുന്നതാണ് വാരീസ് മൊഴി തിരുത്താനായി ഇ.ഡിക്ക് നല്‍കിയ അപേക്ഷ. റിയായ് പണം കടത്തിയെന്ന് മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ 22 വയസുള്ള മകളെയും ഭാര്യയേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് റിയാസിനെതിരെ മൊഴി നല്‍കിയതെന്നാണ് ഹസന്‍ വാരീസ് പറയുന്നത്. Also Read: 'ആദ്യം പിണറായി, പിന്നെ വീണ, ഒടുവിൽ എന്‍റെ പേര്'; ഇ.ഡിക്കെതിരെ റിയാസ്
ഓഗസ്റ്റ് 18നാണ് വാരീസിന്‍റെ വീട്ടില്‍ റെയ്ഡ് നടന്നതും മൊഴിയെടുത്തതും. അതിന്‍റെ രണ്ടാം ദിവസം, ഓഗസ്റ്റ് 20ന് തന്നെ മൊഴി തിരുത്താന്‍ കത്ത് നല്‍കി. ഇതോടെ ഡി.ജി.പിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്ന ശേഷമുള്ള പ്രതിരോധ നീക്കമല്ല ഹസന്‍ വാരിസിന്‍റെ അപേക്ഷയെന്ന് വ്യക്തമാണ്. അതേസമയം കേസെടുക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയാണ് ഇ.ഡിയുടെ കത്ത്. നടപടി വൈകിയാല്‍ തെളിവ് നശിപ്പിക്കലായി കണക്കാക്കാമെന്നും ഡി.ജി.പി പോലും നടപടി നേരിടേണ്ടിവരുമെന്നുമാണ് സുപ്രീംകോടതി ഉത്തരവുകള്‍ സാക്ഷ്യപ്പെടുത്തി ഇ.ഡി മുന്നറിയിപ്പ് നല്‍കുന്നത്. കേസെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെയും തീരുമാനം. നിയമോപദേശം ലഭിച്ച ശേഷം പ്രാഥമിക അന്വേഷണം വേണോ, പിണറായി ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണോ എന്ത് വകുപ്പുകള്‍ പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കും.