pa-muhammad-riyas-02
  • ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. തന്‍റെ സുഹൃത്ത് ഹസന്‍ വാരിസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായി റിയാസ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. തന്‍റെ സുഹൃത്ത് ഹസന്‍ വാരിസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായി റിയാസ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിണറായി വിജയനും കുടുംബത്തിനുമെതിരായി മൊഴി നല്‍കാന്‍ ഇഡി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പ്രധാന വെളിപ്പെടുത്തല്‍.  Also Read: ഇഡി അന്വേഷണ വാര്‍ത്തകള്‍ അസംബന്ധം; കള്ളക്കഥ: പി.എ.മുഹമ്മദ് റിയാസ്


ആദ്യം പിണറായി വിജയന് അഴിമതിയുമായി ബന്ധമുണ്ടെന്ന് പറയാന്‍ വാരിസിനോട് ആവശ്യപ്പെട്ടെന്നും, അതിന് വിസമ്മതിച്ചപ്പോള്‍ ടി.വീണയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും റിയാസ് പറഞ്ഞു. പിന്നീട് തന്‍റെ പേര് പറയാന്‍ ആവശ്യപ്പെടുകയും, അതിന് തയ്യാറായില്ലെങ്കില്‍ വാരിസിന്‍റെ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഹസന്‍ വാരിസ് തനിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിതനായതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

ടി.വീണ സ്വീകരിച്ച പണം പൂര്‍ണ്ണമായും നിയമാനുസൃതമാണെന്നും റിയാസ് ആവര്‍ത്തിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയത്. എന്നാല്‍ ഇതിനെ ബോധപൂര്‍വ്വം മാസപ്പടിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സേവനം നല്‍കിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍  മാനേജിങ് ഡയറക്ടര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വീണ മൗനം പാലിക്കുന്നത് എന്തെന്ന ചോദ്യത്തിന്, ആരോപണങ്ങളോട് പ്രതികരിക്കാതിരിക്കാനും വ്യക്തിക്ക് അവകാശമുണ്ടെന്നായിരുന്നു റിയാസിന്‍റെ മറുപടി. '

ഇ.ഡിയെ കണ്ട് കമ്യൂണിസ്റ്റുകാര്‍ ഭയപ്പെടില്ലെന്നും റിയാസ് വ്യക്തമാക്കി. 'ഇ.ഡിയെ എല്ലാവര്‍ക്കും പേടിയാണ്, എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ പേടിക്കില്ല. ഭയന്ന് മാറിനില്‍ക്കാനല്ല പാര്‍ട്ടി എന്നെ പഠിപ്പിച്ചത്. തികഞ്ഞ സത്യസന്ധതയോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. അവസാനശ്വാസം വരെ ഇതിനെതിരെ പോരാടും, സത്യം പുറത്തുവരിക തന്നെ ചെയ്യും," റിയാസ് കൂട്ടിച്ചേര്‍ത്തു. കേസ് നിയപരമായി നേരിടുമെന്നും ഇഡിയ്ക്കെതിരെ നോട്ടീസ് അയച്ചെന്നും റിയാസ് വ്യക്തമാക്കി.

അന്തരിച്ച മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ അധിക്ഷേപത്തിനെതിരെ പി.എ. മുഹമ്മദ് റിയാസ്. സൈബര്‍ ഇടങ്ങളിലെ ഇത്തരം അധിക്ഷേപങ്ങളോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും, അത് തങ്ങളുടെയോ പാര്‍ട്ടിയുടെയോ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

P.A. Mohammed Riyas has come forward with serious allegations against the Enforcement Directorate (ED). Speaking at a press conference in Kozhikode, Riyas alleged that the ED threatened his friend Hasan Waris and forced him to change his statement. According to Riyas, the ED exerted intense pressure on Waris to give a statement against Pinarayi Vijayan and his family.