എന്‍സിഇആര്‍ടിയുടെ പരിഷ്കരിച്ച കരിക്കുലം വിവാദത്തില്‍. ഏഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും മുഗള്‍ ചരിത്രം പൂര്‍ണമായി ഒഴിവാക്കി. മുഗള്‍ ചരിത്രവും ഭരണനേട്ടങ്ങളുമാണ്  പൂര്‍ണമായി ഒഴിവാക്കിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്സ്പ്ളോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍റ് ബിയോണ്‍ഡ് എന്ന പുസ്തകത്തില്‍ നിലവില്‍ മഗധ, മയൂര്യ, സുംഗ, ശതവാഹന എന്നീ രാജവംശങ്ങളുടെ ചരിത്രം പഠിക്കാനായി ഉള്‍പ്പെടുത്തി. തുഗ്ലക്, ഖില്‍ജി, മാംമ്​ലക്, ലോധി എന്നീ രാജവംശങ്ങളുടെ ചരിത്രം കോവിഡ് കാലത്ത് ഒഴിവാക്കിയിരുന്നു.

'ഭൂമി എങ്ങനെ പവിത്രമായി' എന്ന അധ്യായത്തില്‍ ഇസ്​ലാം, ക്രിസ്തുമതം, ജൂത മതം, സൗരാഷ്ട്രേറിയനിസം, ഹിന്ദുമതം,ബുദ്ധമതം, സിഖ് മതം എന്നിവയെ കുറിച്ച് വിശദീകരിക്കുന്നു. ഈ അധ്യായത്തില്‍ 12 ജ്യോതിര്‍ലിംഗങ്ങളെ കുറിച്ചും ചാര്‍ ധാം യാത്ര, ശക്തി പീത എന്നിവയെ കുറിച്ചും പഠിക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ണജാതി സമ്പ്രദായവും കുംഭമേളയും പഠിക്കാന്‍ ഉള്‍പ്പെടുത്തി. 660 മില്യണ്‍ ജനങ്ങള്‍ കുംഭമേളയ്ക്കായി എത്തിയെന്ന് അവകാശപ്പെടുന്ന ഭാഗത്തില്‍ പക്ഷേ  ഒട്ടേറെപ്പേര്‍  കൊല്ലപ്പെട്ട സംഭവം ഉള്‍പ്പെടുത്തിയിട്ടില്ല. 

ജനാധിപത്യം, ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം തുടങ്ങിയവ 2023 ല്‍ എന്‍സിഇആര്‍ടി പത്താംക്ലാസില്‍ നിന്നുള്ള പാഠപുസ്തകത്തില്‍ നിന്ന് നീക്കിയത് വിവാദമായിരുന്നു. പീരിയോഡിക് ടേബിളും ശാസ്ത്രപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതില്ലെന്ന തീരുമാനവും വിവാദമായതോടെ കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനഭാരം ലഘൂകരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയതാണെന്നുമായിരുന്നു എന്‍സിഇആര്‍ടിയുടെ വിശദീകരണം.

ENGLISH SUMMARY:

NCERT's revised curriculum sparks controversy after removing Mughal history from the 7th-grade Social Science textbook, replacing it with chapters on Kumbh Mela and ancient Indian dynasties. Critics highlight omissions in coverage.