മലപ്പുറം അരീക്കോട് സൗന്ദര്യവർധക ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെ പരസ്യം കണ്ടാണ് പെണ്‍കുട്ടി ഓണ്‍ലൈനായി ക്രീം വാങ്ങി ഉപയോഗിച്ചത്. വാർത്ത പുറത്തുവന്നതോടെ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ തനിക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂരും രംഗത്തെത്തി. സംഭവത്തില്‍ ക്രീം പ്രമോട്ട് ചെയ്ത ഇന്ഫ്ലുവന്സേഴ്സിനെതിരെയും വിമര്‍ശനം കനക്കുകയാണ്. സീരിയല്‍ താരം റെനീഷ റഹ്മാനും ഈ ഫെയ്സ് ക്രീമിനെ പ്രൊമോട്ട് ചെയ്തിരുന്നു. ഇപ്പോളിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെനീഷ.
ക്രീം പ്രമോട്ട് ചെയ്ത വ്യക്തി എന്ന നിലയ്ക്കും ഉപയോഗിച്ച വ്യക്തി എന്ന നിലയ്ക്കും വാർത്ത അറിഞ്ഞപ്പോൾ താനും ഞെട്ടിയെന്നും ചികിത്സയിൽ കഴിയുന്ന കുട്ടി എത്രയും വേഗം സുഖം പ്രാപിക്കാനായി ആത്മാർഥമായി പ്രാർഥിക്കുന്നുവെന്നും റെനീഷ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. അതേസമയം, ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നോക്കാതെയാണ് പണത്തിന് വേണ്ടി ഇത്തരം പരസ്യങ്ങൾ ചെയ്യുന്നതെന്ന വിമർശനങ്ങളോട് യോജിക്കാനാവില്ലെന്നും റെനീഷ വ്യക്തമാക്കി. താന്‍ ഇന്ന് വരെ ഉപയോഗിക്കാതെ ഒരു ഉല്‍പ്പന്നവും പ്രമോട്ട് ചെയ്തിട്ടില്ലെന്നും റെനീഷ വിഡിയോയില്‍ പറയുന്നു.
ALSO READ: ഫെയർനസ് ക്രീം ഉപയോഗിച്ച് ഗുരുതര വൃക്കരോഗം; ബാലാവകാശ കമ്മിഷൻ കേസെടുത്തു...
കഴിഞ്ഞ വർഷം മുഖത്തുണ്ടായ കരുവാളിപ്പ് മാറാനായി ഈ ക്രീം 15 ദിവസത്തോളം സ്വന്തമായി ഉപയോഗിച്ച് നോക്കിയിരുന്നുവെന്നും റെനീഷ പറഞ്ഞു. സെൻസിറ്റീവ് ആയ തന്റെ ചർമ്മത്തിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകാതിരുന്നതും മികച്ച ഫലം ലഭിച്ചതുമാണ് ആത്മവിശ്വാസത്തോടെ വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനിയാണ് എന്ന് ഒരു ചേട്ടന്റെ പ്രയോഗം കണ്ടു. അതിനോട് യോജിക്കില്ല. പ്രമോഷന് പണം വാങ്ങിക്കാറുണ്ട്. എന്നാല്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളല്ല താന്‍. ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഒരു ഉൽപ്പന്നവും ഇന്നുവരെ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും റെനീഷ വിശദീകരിച്ചു.
ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവവും ആരോഗ്യവും വ്യത്യസ്തമായിരിക്കുമെന്നും അതിനാൽ സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ മാത്രം കണ്ട് ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും റെനീഷ അഭ്യർഥിച്ചു. ഏതൊരു ഉൽപ്പന്നവും ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടേണ്ടതാണ്. ഈ സംഭവം തനിക്കും വലിയൊരു പാഠമാണെന്നും തനിക്കുള്ള സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഇനിമുതൽ ഇത്തരം ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും പരിശോധനയും നടത്തുമെന്നും താരം വ്യക്തമാക്കി. എല്ലാം ഇന്‍ഫ്ലുവന്‍സര്‍മാരും അങ്ങിനെയാകണമെന്നും റെനീഷ പറഞ്ഞു.