മലപ്പുറത്ത് വ്യാജ ക്രീം പുരട്ടിയ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതോടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ അതീവ ജാഗ്രത നിർദ്ദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിൽ ഹാനികരമായ വസ്തുക്കൾ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. Also Read: ഓൺലൈനില്‍ സൗന്ദര്യവർധക ക്രീം വാങ്ങി പുരട്ടി; മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്ക രോഗം
മുഖത്ത് തേക്കുന്ന പാക്കിസ്ഥാൻ നിർമ്മിതമായ രണ്ട് ക്രീമുകളിലാണ് ഏറ്റവും കൂടുതൽ മെർക്കുറിയുടെ അംശം കണ്ടെത്തിയത്. ഒരു പിപിഎം മെർക്കുറി അനുവദനീയമായ ഇടത്ത് 20,000 പിപിഎം വരെ അടങ്ങിയിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മീതൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമും പിടിച്ചെടുത്തിട്ടുണ്ട്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന കമ്പനികൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ല എന്നുള്ളതാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിമിതി.
വെളുത്തിട്ട് പാറുന്ന ക്രീമുകൾക്ക് പിന്നാലെയാണ് കേരളത്തിലെ കൗമാരവും യൗവനവും എല്ലാം. തിളങ്ങുന്ന ചർമം കിട്ടാൻ ഏതു ക്രീമും വാരിത്തേക്കും . എന്നാൽ പണി കിട്ടുമെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ ആണ് മെർക്കുറി അടക്കം ശരീരത്തിന് ഹാനികരമായ പദാർത്ഥങ്ങളുടെ അംശം കണ്ടെത്തിയത്.
കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിർമ്മാണ ലൈസൻസ്, നിർമ്മാതാവിന്റെ വിവരങ്ങൾ ഉൾപ്പെടെ വ്യക്തമല്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന കമ്പനികൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ല എന്നുള്ളതാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിമിതി. ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴി. അല്ലെങ്കിൽ ഗുരുതര വൃക്കരോഗവും ചർമ്മ പ്രശ്നങ്ങൾ ആകും ബാക്കി.