റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ട് കോടി രൂപ നൽകിയെന്ന എസ്‌ഐടി കണ്ടെത്തലിന് പിന്നാലെ പണം ലഭിച്ച കാര്യം സമ്മതിച്ച് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി. എന്നാൽ, പണത്തിന് മെസി പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. താൻ മാനേജിങ് ഡയറക്ടറായ സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അക്കാദമിയുടെ ഓഹരി ഉടമയായതിനാൽ കമ്പനികൾ തമ്മിലുള്ള ഇടപാടായാണ് പണം കൈമാറിയതെന്നും ഷറഫലി വ്യക്തമാക്കി. വ്യക്തിപരമായി തനിക്ക് പണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. Also Read: മെസ്സിയുടെ പേരിലെ തട്ടിപ്പ്; യു.ഷറഫലിക്ക് സ്പോണ്‍സര്‍ രണ്ടുകോടി നല്‍കി, കൈക്കൂലിയെന്ന് എസ്ഐടി
അതേസമയം, ഷറഫലിക്ക് രണ്ട് കോടി രൂപ കൈമാറിയത് മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കൈക്കൂലി ഇടപാടാണെന്നാണ് എസ്‌ഐടിയുടെ സംശയം. ഷറഫലി മാനേജിങ് ഡയറക്ടറായ അരീക്കോട് നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്കാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത് അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന ഷറഫലിയായിരുന്നു. സ്പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാറിൽ സാക്ഷിയായി ഒപ്പിട്ടതും അദ്ദേഹമാണ്. ഇതെല്ലാം കായികസ്നേഹത്തിന്റെ ഭാഗമാണെന്നായിരുന്നു ഷറഫലിയുടെ നേരത്തെയുള്ള വിശദീകരണം.
എന്നാൽ, ഈ ഇടപാടുകൾക്ക് പിന്നിൽ സാമ്പത്തിക പ്രതിഫലമുണ്ടായിരുന്നുവെന്നാണ് എസ്‌ഐടി സംശയിക്കുന്നത്. അക്കാദമിയുടെ അക്കൗണ്ടിലേക്ക് എത്തിയ രണ്ട് കോടി രൂപ സ്പോൺസർഷിപ്പ് ഇടപാടിനും കരാറിൽ സാക്ഷിയായി ഒപ്പിട്ടതിനുമുള്ള പ്രത്യുപകാരമായിരുന്നോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
അരീക്കോട് നോവസ് സോക്കർ അക്കാദമിയുടെ തലപ്പത്ത് ഷറഫലിയും സഹോദരനും മാത്രമാണുള്ളതെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം ഷറഫലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് എസ്‌ഐടിയുടെ നിഗമനം.
ഷറഫലിയെയും മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലനെയും പ്രതിചേർത്ത് നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിന് പിന്നാലെ ഇവരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്കും എസ്‌ഐടി കടക്കും.