മെര്‍ക്കുറി അടങ്ങിയ ഫെയര്‍നസ് ക്രീമിന്‍റെ ഉപയോഗത്തില്‍ പ്രമുഖ ഗായകന്‍ സലീം കോടത്തൂരിനുമുണ്ടായത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍. വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ക്രീം നിര്‍ദേശിച്ചത് തന്റെ സുഹൃത്തെന്നും സലീം പറയുന്നു. അന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും മാസങ്ങളോളം ചികിത്സ നടത്തിയെന്നും സലിം പറഞ്ഞു.
Also Read: ഓൺലൈനില്‍ സൗന്ദര്യവർധക ക്രീം വാങ്ങി പുരട്ടി; മലപ്പുറത്ത് 17കാരിക്ക് ഗുരുതര വൃക്ക രോഗം
അന്നൊരു പാട്ടുകാരന്റെ മുഖത്തുവന്ന മാറ്റം കണ്ടാണ് താനും ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതെന്ന് സലീം പറയുന്നു. നല്ല വെളുത്തു സുന്ദരനായ സുഹൃത്തിനോട് പിന്നിലെ രഹസ്യമെന്തെന്ന് ചോദിച്ചു, കാസര്‍കോട് സ്വദേശിയായ അദ്ദേഹം തനിക്ക് ക്രീമിന്റെ പേര് പറഞ്ഞുതന്നു, വൈകാതെ തന്നെ ആ ക്രീം വാങ്ങി താന്‍ ഉപയോഗിക്കാന്‍ തുടങ്ങി. ക്രീമിന്റെ പേര് വെളിപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് നിയമപരമായ പല പ്രശ്നങ്ങളും ഉണ്ട് എന്നതിനാല്‍ തല്‍ക്കാലം പറയുന്നില്ലെന്നും സലീം.
‘ഒന്നര ബോട്ടില്‍ ക്രീമാണ് താന്‍ ഉപയോഗിച്ചത്, ഒരാഴ്ച കൊണ്ടു തന്നെ നന്നായി വെളുത്തു, ഒന്നര മാസം ഉപയോഗിച്ചപ്പോള്‍ മൂത്രത്തില്‍ അണുബാധ വന്നു, അന്നൊന്നും താനറിഞ്ഞില്ല ഈ ക്രീമിന്റെ ഉപയോഗത്താലാണ് അണുബാധ വന്നതെന്ന്, ആശുപത്രിയില്‍ അഡ്മിറ്റ് ആയി ഒരാഴ്ച ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചു, പിന്നാലെ ഡിസ്ചാര്‍ജ് ആവുകയും രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അണുബാധയും കടുത്ത ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയും ചെയ്തു.
കൂടാതെ കണ്ണുകളുടെ പോളയിലും കാലുകളിലും നീര് വരാനും തുടങ്ങി, മാത്രമല്ല മൂത്രത്തില്‍ സര്‍ഫ് അലക്കിയ പോലെ പത കാണപ്പെടാന്‍ തുടങ്ങി, പിന്നാലെ ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ പ്രോട്ടീന്‍ ലോസ് ഉണ്ടെന്ന് ബോധ്യപ്പെട്ടു, ഉടന്‍ തന്നെ ഡോക്ടര്‍ ഒരു നെഫ്രോളജിസ്റ്റിനെ കാണാനായി നിര്‍ദേശിച്ചു, പിന്നീട് മാസങ്ങളോളം ചികിത്സ നടത്തേണ്ടി വന്നു, ഇപ്പോഴും താന്‍ പൂര്‍ണമായ ആരോഗ്യാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും പലതരം ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും സലീം പറയുന്നു.
ഇത്തരത്തില്‍ ആയിരങ്ങള്‍ ചതിക്കുഴിയില്‍പെട്ട് ചികിത്സ തേടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്. കഴിഞ്ഞ ദിവസമാണ് 17കാരി തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്.