ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിനെ കോടതി രൂക്ഷ വിമർശച്ചതില് പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംഭവങ്ങള്‍ ഭയങ്കര ഡ്രാമ പോലെയാണ് തോന്നുന്നതെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി മാധ്യമങ്ങളോട് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് 17കാരനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത കോടതി, ജാമ്യം റദ്ദാക്കില്ലെന്ന് വ്യക്തമാക്കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു വാദം.
സാധാരണക്കാരായ നമുക്ക് ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. എഫ്ഐആറിടാന്‍ പാടില്ലെന്നാണ് കോടതി പറയുന്നത്. ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഭദ്രകീര്ത്തി ചോദിച്ചു. 'കോടതി പ്രോസിക്യൂഷനെ പരിഹസിച്ചു. ഭയങ്കര വിമർശനങ്ങൾ കേട്ടു. എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഭയങ്കര ഡ്രാമ പോലെയാണ് തോന്നുന്നത്. ഇവിടെ കാര്യങ്ങള്‍ പോസ്റ്റീവായി നടക്കുമെന്ന് വിചാരിച്ചു. പക്ഷേ ഫുള്‍ ട്വിസ്റ്റ്. സാധാരണക്കാരായ നമുക്ക് ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. എഫ്ഐആറിടാന്‍ പാടില്ലെന്നാണ് കോടതി പറയുന്നത്. ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് മനസിലായില്ല', എന്നിങ്ങനെയാണ് ഭദ്രകീര്ത്തിയുടെ വാക്കുകള്‍.
'ഇതോടെ കോടതിയിലുള്ള വിശ്വാസം പോയി. അതുപോലത്തെ വിധിയാണ് ഇപ്പോൾ രണ്ടു ഭാഗത്തുനിന്നും നമുക്ക് കിട്ടിയിട്ടുള്ളത്. ഇതൊക്കെ നിയമത്തിന്റെയും പൊലീസിന്റെയും പ്രശ്നമാണ്. സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ നാട്ടിൽ. ഇന്ന് നമുക്ക് അനുകൂലമായ ഉത്തരവുണ്ടാകിമെന്നൊരു പ്രതീക്ഷയോടുകൂടിയാണ് വന്നത്. പക്ഷേ നമ്മൾ പോലും പ്രതീക്ഷിക്കാത്ത കുറെ ട്വിസ്റ്റാണ് ഉണ്ടായത്. ഇതു കണ്ടിട്ട് തോറ്റു പിന്മാറുമെന്ന് കരുതേണ്ട. ഇത്രയും ദിവസം ഇതേ കോടതിയില്‍ തന്നെയാണ് ഈ കേസ് നടക്കുകൊണ്ടിരിക്കുന്നത്. ആരും ചൂണ്ടിക്കാണിക്കാത്ത കാര്യങ്ങള്‍ ഉത്തരവ് വരുന്ന ദിവസം വന്നെങ്കില്‍ എന്തൊക്കെയോ നാടകം നടക്കുന്നു. ഇതോടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്' എന്നിങ്ങനെയായിരുന്നു ഭദ്രകീര്ത്തി പറഞ്ഞത്.
Also Read: 17കാരനെതിരായ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് കോടതി; ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകൾ തള്ളി
17 കാരനെതിരെ എഫ്ഐആറിട്ടതിനെയാണ് കോടതി വിമര്‍ശിച്ചത്. ജുവനൈൽ കേസുകളിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മാത്രമേ ഇത്തരത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് കോടതി നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പൊലീസ് വെറും നോക്കിനിൽക്കുകയാണോയെന്നും കോടതി ചോദിച്ചു. കുട്ടിക്കെതിരെ എങ്ങനെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയുകയെന്നും കുറ്റം തന്നെ നിലനിൽക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. കേസിൽ എന്താണ് പ്രത്യേകതയെന്നും പൊലീസ് എന്തെല്ലാം കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ മോഡൽ റൂൾസ് കോടതിയിൽ വായിച്ചുകേൾപ്പിച്ചുകൊണ്ടായിരുന്നു നിരീക്ഷണങ്ങൾ.