cheranalloor-car-scooter-accident
  • ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. അപകടവുമായി ബന്ധപ്പെട്ട് 17കാരനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത കോടതി, ജുവനൈൽ കേസുകളിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മാത്രമേ ഇത്തരത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് നിരീക്ഷിച്ചു

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. അപകടവുമായി ബന്ധപ്പെട്ട് 17കാരനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത കോടതി, ജുവനൈൽ കേസുകളിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മാത്രമേ ഇത്തരത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പൊലീസ് വെറും നോക്കിനിൽക്കുകയാണോയെന്നും കോടതി ചോദിച്ചു. Also Read: ജഡ്ജി സ്ഥിരം കുറ്റവാളിയല്ല, ഒളിവിൽ പോകില്ല; മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനമെന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി വിശദീകരണം തേടി. കുട്ടിക്കെതിരെ എങ്ങനെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയുകയെന്നും കുറ്റം തന്നെ നിലനിൽക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. കേസിൽ എന്താണ് പ്രത്യേകതയെന്നും പൊലീസ് എന്തെല്ലാം കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചോദിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ മോഡൽ റൂൾസ് കോടതിയിൽ വായിച്ചുകേൾപ്പിച്ചുകൊണ്ടായിരുന്നു നിരീക്ഷണങ്ങൾ.

പൊലീസ് വിശദീകരണം നൽകണമെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇരകൾക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ആരുടെയും സമ്മർദത്തിന് വഴങ്ങി പൊലീസ് പ്രവർത്തിക്കരുതെന്നും കോടതി ഓർമിപ്പിച്ചു. പിഴ ചുമത്താതിരിക്കാൻ മതിയായ കാരണം പ്രോസിക്യൂഷൻ ബോധിപ്പിക്കണമെന്നും നിർദേശിച്ചു.

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി. ഇതോടെ 17കാരന് അനുവദിച്ച ജാമ്യം റദ്ദാകില്ല. പൊലീസിനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിനും ഇത് തിരിച്ചടിയായി.

അതേസമയം, അപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുന്നതിന്റെ കാരണമെന്തെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. കസ്റ്റഡി ആവശ്യപ്പെടാൻ മതിയായ കാരണങ്ങൾ വേണമെന്നും ജഡ്ജി സ്ഥിരം കുറ്റവാളിയല്ലെന്നും ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ജഡ്ജിക്ക് വലിയ സ്വാധീനമുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 17കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുട്ടി സ്ഥിരമായി നിയമലംഘനങ്ങളിൽ ഏർപ്പെടുന്നയാളാണെന്നായിരുന്നു മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണം.

കോടതിയുടെ നടപടികളിൽ ആശങ്കയും നിരാശയും പ്രകടിപ്പിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തി. ഇനി കേസിൽ എന്ത് സംഭവിക്കുമെന്ന ആശങ്കയുണ്ടെന്നും കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും കുടുംബം പ്രതികരിച്ചു. സാധാരണക്കാരുടെ വിശ്വാസം പോലും നഷ്ടപ്പെടുകയാണെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായെന്നും കുടുംബം ആരോപിച്ചു.

ENGLISH SUMMARY:

The court has strongly criticised the police over the FIR registered against the 17-year-old accused in the Cheranalloor accident case. It questioned the legal basis of the FIR and referred to provisions of the Juvenile Justice Act. The appeals challenging the Juvenile Justice Board's bail order were dismissed, meaning the minor's bail will remain unchanged. The High Court had also earlier granted anticipatory bail to the boy's father, an Additional District Judge. Meanwhile, the family of deceased Jayabalakrishnan has expressed disappointment and questioned the handling of the case.