ചേരാനല്ലൂർ വാഹനാപകടമരണക്കേസിൽ തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി ചേർത്ത് അന്വേഷണസംഘം. കേസിൽ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകിയതിന് പിന്നാലെയാണ് പുതിയ വകുപ്പു കൂടി ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. അതേസമയം, ജയബാലകൃഷ്ണന്റെ കുടുംബം സ്വതന്ത്ര അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. Also Read: അപകടദിവസം കമ്മിഷണര്‍ക്ക് ജഡ്ജിയുടെ കോള്‍, ‘ഐ വില്‍ ടേക്ക് ആക്ഷന്‍’ എന്ന് ചെന്നിത്തല; കമ്മിഷണര്‍ പുറത്തായവഴി
ചേരാനല്ലൂർ വാഹനാപകടമരണക്കേസിൽ ജഡ്ജി തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഇക്കാര്യം ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചതിന് പിന്നാലെ, തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട ബി.എൻ.എസ്. 238-ാം വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. കുടുംബം നൽകിയ പരാതി പരിശോധിച്ച് കഴമ്പുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി വ്യക്തമാക്കിയിരുന്നു.
കമ്മിഷണറായി ചുമതലയേറ്റശേഷം ആദ്യമായി ചേരാനല്ലൂർ സ്റ്റേഷനിലെത്തിയ നിശാന്തിനി വാഹനാപകടക്കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തി. ജയബാലകൃഷ്ണന്റെ കുടുംബവുമായും കമ്മിഷണർ സംസാരിച്ചു. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടുമോയെന്ന് കുടുംബം ആശങ്കപ്പെടേണ്ടതില്ലെന്ന് കമ്മിഷണർ ഉറപ്പുനൽകി.
അതേസമയം, 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങളുണ്ടായി. സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നുവെന്ന് ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ പ്രോസിക്യൂഷൻ ആരോപിച്ചു. കോടതി നടപടികളെക്കുറിച്ച് കുടുംബം മാധ്യമങ്ങൾക്ക് തെറ്റായ വിവരം നൽകിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ, അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട രേഖകൾ പ്രോസിക്യൂഷൻ നൽകുന്നില്ലെന്നും കുടുംബം ആരോപിച്ചു. സമ്മർദമില്ലാതെ അന്വേഷണം നടത്താൻ കഴിയണമെന്നും പ്രോസിക്യൂഷനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ കോടതിയിലാണ് അറിയിക്കേണ്ടതെന്നും കോടതി ഓർമിപ്പിച്ചു.
17-കാരനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചപ്പോൾ, അതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകിയാൽ പോരേയെന്ന് കോടതി ചോദിച്ചു. കുടുംബത്തിന്റെ എതിർപ്പ് തള്ളി വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റുകയും ചെയ്തു.