• മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിനെതിരെ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം. സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയത്.

മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിനെതിരെ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം. സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയത്. നടപടി പിൻവലിക്കാതെ ക്ലാസുകളിൽ പ്രവേശിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

പ്രിൻസിപ്പലിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആരോപിച്ചു. വിഷയം ചർച്ചകളിലൂടെ അടിയന്തരമായി പരിഹരിക്കണമെന്നും വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും സ്കൂള്‍ മാനേജിങ് കമ്മിറ്റി ആവശ്യപ്പെട്ടു. Also Read: '12 വയസ്സിന്റെ പ്രായവ്യത്യാസം; ദിവസവും സാമ്പാർ കഴിച്ച് നീ മരിക്കും’; പ്രകാശ് രാജുമായുള്ള വിവാഹത്തെക്കുറിച്ച് പോണി വര്‍മ

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലിനെതിരെ വിദ്യാർഥികൾ പരാതിയൊന്നും ഉന്നയിച്ചിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പിടിഎ പ്രസിഡന്റിനെതിരെയാണ് പരാതികൾ ഉയർന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ആവശ്യമായ അനുമതികൾ വാങ്ങിയാണ് പഠനയാത്ര സംഘടിപ്പിച്ചതെന്നും വിഷയത്തിൽ സർക്കാരും ജില്ലാ പഞ്ചായത്ത് അധികൃതരും ഇടപെടണമെന്നും മാനേജിങ് കമ്മിറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടു.

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്‍റും മദ്യപിച്ചെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ പ്രിൻസിപ്പലിന്‍റെ രക്തപരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ല. സംഭവത്തിൽ ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര സംഘടിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയത്. അദ്ദേഹത്തിന്‍റെ വീടിന് സമീപമുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് പുതിയ നിയമനം.

ENGLISH SUMMARY:

Students of Meenangadi Government Higher Secondary School have launched a protest against the transfer of their principal, Shivi Krishnan. The transfer follows controversies surrounding a school excursion. Students have taken a firm stand that they will not attend classes unless the disciplinary action against the principal is withdrawn.