കേരള തീരങ്ങളിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി വൻതോതിൽ മല്സ്യക്കൊള്ള. പിടിക്കാൻ നിയമപരമായി വിലക്കുള്ള ചെറുമീനുകളും വിവിധ കടൽജീവികളും ഉൾപ്പെടെ വൻതോതിൽ ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലെ ഫിഷ് മില്ലുകളിലേക്ക് കടത്തുന്നു. മല്‍സ്യത്തൊഴിലാളികളുടെയും കടലിന്റെ ആവാസവ്യവസ്ഥയുടെയും നിലനിൽപ്പിന് ഭീഷണിയാകുന്ന ഈ നിയമവിരുദ്ധ ഇടപാടുകളിലേക്കാണ് മനോരമ ന്യൂസ് അന്വേഷണം വെളിച്ചം വീശുന്നത്. Also Read: ‘അവന് മരിക്കാന്‍ സാധ്യതയുണ്ട്, നന്നായി നോക്കണം’; മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്
കടലിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ ഇതര സംസ്ഥാനങ്ങളിലെ മീൻതീറ്റ ഫാക്ടറികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ബേപ്പൂരിൽ നിന്ന് മാത്രം പ്രതിദിനം പത്തോളം ലോറികളിൽ മല്‍സ്യവും കടൽജീവികളും കടത്തുന്നതായാണ് റിപ്പോർട്ട്. മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഫിഷ് മില്ലുകളിലേക്കാണ് പ്രധാനമായും ഇവ എത്തിക്കുന്നത്.
ആദ്യനോട്ടത്തിൽ സംസ്കരിക്കാനോ കുഴിച്ചുമൂടാനോ കൊണ്ടുപോകുന്നതാണെന്ന് തോന്നിക്കുന്ന തരത്തിൽ ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ പെട്ടികളിൽ നിറച്ച നിലയിലാണ് കാണപ്പെടുന്നത്. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഇവ കൂട്ടത്തോടെ ലോറികളിലേക്ക് കയറ്റുന്നതാണ് യാഥാർഥ്യം. മീൻതീറ്റ നിർമാണത്തിനായി ഇത്തരം മത്സ്യങ്ങൾക്ക് വലിയ ആവശ്യക്കാരുണ്ടെന്നാണ് വിവരം.
നിയമപ്രകാരം പിടിക്കാൻ വിലക്കുള്ള ചെറുമീനുകളും വിവിധ കടൽജീവികളും വലയിൽ കുടുങ്ങുന്നതോടെ അവയെ ഒന്നാകെ ശേഖരിച്ച് കടത്തുകയാണ് ചെയ്യുന്നത്. അറുപത് കിലോ മല്‍സ്യം അടങ്ങിയ ഒരു പെട്ടിക്ക് ഏകദേശം നാലായിരം രൂപ വരെ ഫിഷ് മില്ലുകൾ നൽകുന്നത്. ഇതോടെ കൂടുതൽ ലാഭം ലക്ഷ്യമിട്ട് കടലിലെ മല്‍സ്യസമ്പത്ത് മുഴുവൻ കോരിയെടുക്കുന്ന സാഹചര്യമാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
കണ്ണിയകലം കുറഞ്ഞ ഡബിൾ നെറ്റ് ഉൾപ്പെടെയുള്ള വലകൾ ഉപയോഗിച്ചുള്ള അടിത്തട്ട് ട്രോളിങ് ശക്തമായതോടെ കടലിൽ മല്‍സ്യലഭ്യത ഗണ്യമായി കുറഞ്ഞെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ പരാതി. കടലിന്റെ ആവാസവ്യവസ്ഥയെ തകർക്കുന്ന ഇത്തരം രീതികൾ മല്‍സ്യസമ്പത്തിന്റെ സ്വാഭാവിക പുനരുത്പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
കേരള തീരങ്ങളിൽ നിന്ന് ശേഖരിക്കുന്ന മത്സ്യങ്ങളും കടൽജീവികളും ഒഡീഷ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഗോവ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കടത്തുന്നത്. മീൻതീറ്റ നിർമാണത്തിന് പുറമെ ഫിഷ് ഓയിലും ഫിഷ് പൗഡറും ഉൽപ്പാദിപ്പിക്കാനും ഇവ ഉപയോഗിക്കുന്നതായി മല്‍സ്യത്തൊഴിലാളികൾ പറയുന്നു. കടലിന്റെ സമ്പത്ത് നിയമവിരുദ്ധമായി ചൂഷണം ചെയ്യപ്പെടുമ്പോൾ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനവും കടലിന്റെ ജൈവസമ്പത്തും ഒരുപോലെ പ്രതിസന്ധിയിലാകുകയാണ്.