അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെയും യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെയും പ്രതിചേർക്കാൻ പൊലീസ് നീക്കം. പൊലീസ് നിർദേശിച്ചിട്ടും സ്റ്റേഷനിൽനിന്ന് മടങ്ങാൻ ശ്രീനാദേവി കുഞ്ഞമ്മ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കേസെടുക്കാനുള്ള നീക്കം ശക്തമായത്. Also Read: 'മേയ്ഡേ, മേയ്ഡേ...! ഞങ്ങള്‍ ഇടിച്ചിറങ്ങും'; മിസൈൽ പോലെ കൂപ്പുകുത്തി വിമാനം; 9 മരണം
ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയെ തുടർന്ന് പുറത്തുവന്നത്. യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അക്രമസംഭവങ്ങളും ഉണ്ടായത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു രാജൻ ജോസഫിന്റെ അറസ്റ്റ്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ അടൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.
പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും തുടർന്ന് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെനി നൈനാനും മറ്റ് പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മയെയും ഫെനി നൈനാനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്.