അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയില്‍ സ്വകാര്യജെറ്റ് വിമാനം തകര്‍ന്നുവീണ് ഒന്‍പത് പേർ കൊല്ലപ്പെട്ടു. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമസിലേക്ക് പറക്കുകയായിരുന്ന ലീർജെറ്റ് 60 എന്ന ചെറുവിമാനമാണ് പാം ബെൽജ് കൗണ്ടിയിലെ ഗ്രീൻഏക്കേഴ്സ് റെസിഡൻഷ്യൽ മേഖലയിൽ റോഡിലാണ് തകർന്നു വീണത്. നിലത്തുപതിച്ച ഉടന്‍ വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീഗോളമായി മാറുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് പേരും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചതായി യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12:50 ഓടെയായിരുന്നു അപകടം. ഓസ്റ്റിനിലെ ബർഗ്സ്ട്രോം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബഹാമസിലെ നോർത്ത് എലൂഥെറ വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു വിമാനം. 35,000 അടി ഉയരത്തിൽ പറന്നുയരവേ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിച്ചിരുന്നു. ഇതിനുശേഷം ഉയർന്ന ആൾട്ടിറ്റ്യൂഡിലേക്ക് മാറാൻ അനുമതി അഭ്യര്‍ഥിച്ചിരുന്നു എന്നാല്‍, മിനിറ്റുകൾക്കകം വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങുകയായിരുന്നു.

മിനിറ്റിൽ 10,000 മുതൽ 30,000 അടി വരെ വേഗതയിലാണ് വിമാനം താഴേക്ക് കുതിച്ചത്. അപകടത്തിന് തൊട്ടുമുന്‍പ് പൈലറ്റ് 'മേയ്ഡേ' സന്ദേശം അയച്ചതായി എയർ ട്രാഫിക് കൺട്രോൾ റെക്കോർഡുകളിൽ വ്യക്തമാണ്. ‘ഞങ്ങൾ 8,000 അടിയിലേക്ക് കൂപ്പുകുത്തുകയാണ് - മെയ്ഡേ, മെയ്ഡേ - ഞങ്ങൾ മിനിറ്റിൽ 10,000 അടിയിലേക്കാണ് കുതിക്കുന്നത്– മിനിറ്റിൽ 20,000 അടിയാണ് വേഗം... ഞങ്ങൾ നിലത്ത് ഇടിച്ചിറങ്ങും’– പൈലറ്റിന്‍റെ സന്ദേശത്തില്‍ പറയുന്നു. ഒരു മിനിറ്റിനുള്ളിൽ വിമാനം 27,000 അടി താഴ്ചയിലേക്ക് താഴ്ന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ കാണിക്കുന്നത്. വിമാനം തകരുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, വിമാനത്തിൽ ഐസ് അടിഞ്ഞുകൂടിയതായും, പുറത്തെ വായുവിന്റെ താപനില -47 ഡിഗ്രി സെൽഷ്യസ് ആയിരുന്നതായും പൈലറ്റ് റിപ്പോർട്ട് ചെയ്തതായി എയർ ട്രാഫിക് കൺട്രോൾ റേഡിയോ കോളുകളുടെ റെക്കോർഡിങ്ങുകളില്‍ വ്യക്തമാണ്. 

ഒരു മിസൈൽ പോലെയാണ് വിമാനം താഴേക്ക് പതിച്ചതെന്നും റോഡിന് സമീപം വലിയൊരു ഗർത്തം രൂപപ്പെട്ടതായും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പറഞ്ഞു. വിമാനം നിലത്തുപതിച്ച ആഘാതത്തിൽ സമീപത്തെ വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് വൻ തോതിൽ പുകയും തീപിടിത്തവും ഉണ്ടായതിനാല്‍ സമീപത്തെ 600-ഓളം വരുന്ന പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിലവിൽ പ്രദേശവാസികള്‍ക്ക് ആർക്കും പരുക്കറ്റതായി റിപ്പോർട്ടില്ല.

അപകടസമയത്ത് പ്രദേശത്ത് പലയിടത്തും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയുണ്ടായിരുന്നു. വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ശക്തമായ ഒരു കൊടുങ്കാറ്റിന്റെ നടുവിലൂടെയാണ് കടന്നുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാലാവസ്ഥയാണോ അപകട കാരണം എന്ന് വ്യക്തമല്ല. എങ്കിലും, ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് എഫ്.എ.എ മുന്നറിയിപ്പ് നൽകിയ മേഖലയിലൂടെയാണ് അപകടസമയത്ത് വിമാനം പറന്നുകൊണ്ടിരുന്നത്.

അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനൊപ്പം, എയർ ട്രാഫിക് കൺട്രോൾ സംഭാഷണങ്ങളും പ്രതികൂല കാലാവസ്ഥയും വിദഗ്ധർ പരിശോധിച്ചു വരികയാണ്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് രേഖകൾ പ്രകാരം, ജൂണിൽ മിസോറിയിലെ ബട്ട്‌ലറിൽ 12 പേരുടെ മരണത്തിനിടയാക്കിയ സ്കൈഡൈവിങ് വിമാനാപകടത്തിന് ശേഷം, ഈ വർഷം അമേരിക്കയിൽ ഉണ്ടായ ഏറ്റവും മാരകമായ രണ്ടാമത്തെ അപകടമാണിത്.

ENGLISH SUMMARY:

A private Learjet 60 traveling from Texas to the Bahamas tragically crashed into a residential area in Palm Beach County, South Florida, resulting in the deaths of all nine people on board. US Transportation Secretary Sean Duffy confirmed the fatalities after the aircraft plunged vertically at extreme speeds following severe weather conditions and icing at 35,000 feet. Prior to the crash at approximately 12:50 PM local time, the pilot issued a distress 'Mayday' call reporting rapid descent rates exceeding 10,000 to 20,000 feet per minute. Federal Aviation Administration and National Transportation Safety Board authorities have launched a comprehensive investigation into the disaster, which prompted the evacuation of roughly 600 local residents due to massive fires and debris.