ചേരാനല്ലൂര്‍ അപകടക്കേസില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ പകരം ചുമതലയില്ലാതെ മാറ്റിയതിനു പിന്നില്‍ ഒരു ഫോണ്‍കോളെന്ന് റിപ്പോര്‍ട്ട്. അപകടം നടന്ന ദിവസം കാറോടിച്ച 17കാരന്റെ പിതാവായ അഡിഷനൽ ജഡ്ജിയുമായി കമ്മിഷണര്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയതിനു പിന്നാലെയാണ് പൊടുന്നനെയുള്ള നീക്കം. ഈ സംസാരം കൃത്യനിര്‍വഹണത്തില്‍ വന്ന ഗുരുതരവീഴ്ചയാണെന്നും സ്വാധീനത്തിനു വഴങ്ങിയെന്ന ചീത്തപ്പേരുണ്ടാകുമെന്നുമുള്ള റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്കു ലഭിച്ചതോടെയാണ് അടിയന്തരനടപടി വന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: ബിജെപി ഒരടി മുന്നില്‍, ഗ്രൗണ്ട് അഖിലേഷിന്റെ കയ്യില്‍; യോഗിയെ പിന്തള്ളി എസ്പി
പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ച എഡിജിപി പി.വിജയനും സമാനമായ റിപ്പോര്‍ട്ടാണ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയത്. സർക്കാരിനും വകുപ്പിനും പൊലീസ് സേനയ്ക്കും പേരുദോഷമുണ്ടായതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, നടപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ മാത്രമായി ഒതുക്കേണ്ടെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ മേലുദ്യോഗസ്ഥർക്കെതിരെയും വേണമെന്നും നിർദേശിക്കുകയായിരുന്നു.
അപകടമുണ്ടായതിനു പിന്നാലെ തൃശൂർ റൂറൽ ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെ അഡിഷനൽ ജഡ്ജി ബന്ധപ്പെട്ടിരുന്നതെന്നും സൂചനകളുണ്ട്. ഇതിനു പിന്നാലെയാണു ജഡ്ജിയും സിറ്റി പൊലീസ് കമ്മിഷണറും തമ്മിൽ ഫോണിലൂടെ സംസാരിച്ചതെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ടോടെയാണ് അപകടത്തിനു കാരണമായ കാറോടിച്ച 17കാരന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്. പക്ഷേ വൈകാതെ വലിയ തോതിൽ പ്രതിഷേധവുമുയർന്നു. കാറിടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ മക്കളും സ്റ്റേഷനിലേക്കെത്തി.
തുടര്‍ന്ന് എംഎല്‍എ ടി.ജെ വിനോദാണ് ആദ്യം സിറ്റി പൊലീസ് കമ്മിഷണറെ ബന്ധപ്പെട്ടത്. പക്ഷേ അദ്ദേഹത്തിന്റെ മറുപടിയില്‍ തൃപ്തനല്ലാതെ വന്നതോടെ ആഭ്യന്തരമന്ത്രിയെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വിഷയം കൈവിട്ടുപോകുമെന്നും പ്രത്യേകിച്ച് നെടുമ്പാശേരി കാറപകടം നടന്നിട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത് എന്നതിനാൽ സർക്കാരിന്റെ പ്രതിച്ഛായയെ പോലും ബാധിക്കുമെന്നും വിനോദ് ചെന്നിത്തലയെ അറിയിച്ചു.
അപകടം നടന്ന ഞായറാഴ്ച വൈകുന്നേരം ജില്ല പൊലീസ് നേതൃത്വത്തെ ചെന്നിത്തല വിളിച്ചു. സിറ്റി പൊലീസ് കമ്മിഷണറെ തന്റെ അതൃപ്തി അറിയിച്ചു. ഇത്തരമൊരു കേസിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് എങ്ങനെ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. കേസിന്റെ മുഴുവന്‍ മേൽനോട്ട ചുമതലയും വഹിക്കേണ്ടത് കമ്മിഷണർ എന്ന നിലയില്‍ അദ്ദേഹമാണ്. അതിൽ പിഴവു വരാൻ പാടില്ലെന്ന് ചെന്നിത്തല കർശന നിർദേശം നൽകി.
ഇല്ലെങ്കിൽ ‘ഐ വിൽ ടേക്ക് ആക്ഷൻ എഗെന്‍സ്റ്റ് യു’ എന്നു പറഞ്ഞായിരുന്നു ചെന്നിത്തല ഫോൺ വച്ചത് എന്നാണ് വിവരം. ഇതിനു പിന്നാലെയാണ് നരഹത്യ കുറ്റം കൂടി പ്രതിക്കെതിരെ ചുമത്തുന്നതും രാത്രി വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി ജാമ്യം അനുവദിക്കുന്നതും.