നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി സുഹൈല്‍ മദ്യപിച്ച് ലക്കുകെട്ടിരുന്നു എന്നു വ്യക്തമാക്കുന്ന ശബ്ദസന്ദേശം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണിത് സമര്‍പ്പിച്ചത്. അപകടം നടന്നതിനു പിറ്റേ ദിവസം പ്രതികളിലൊരാളായ ജോയല്‍ സുഹൃത്തിനു അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നിരുന്നത്.
Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം
‘ഇന്നലെ എയര്‍പോര്‍ട്ടില്‍ പോയില്ലേ? സുഹൈലിനൊപ്പമുണ്ടായിരുന്ന നിനവിനെ അവിടെ നിന്ന് പിക്ക് ചെയ്ത് നമ്മള് എയര്‍പോര്‍ട്ടില്‍ എത്താറായപ്പോള്‍ സുഹൈല്‍ വിളിച്ച് എയര്‍പോര്‍ട്ടിലേക്ക് വരാമെന്ന് പറഞ്ഞു, എന്നിട്ട് അവന്റെ കാറില്‍ ഞാനും അമീനും നിനവും കയറി. എന്നിട്ട് ഒരു ബാറില്‍ പോയി. സുഹൈല്‍ ഓള്‍റെഡി അടിച്ചിട്ടുണ്ട്, പിന്നേം അടിച്ചു, തിരിച്ചുവരുന്ന വഴി ഭയങ്കര സ്പീഡിലാണ് വന്നത്’– ജോയല്‍ പറയുന്നു
Also Read: സിഗ്നല്‍ തകരാറിലായി; പാളത്തില്‍ ഇറങ്ങി നടന്ന യാത്രക്കാരില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍
‘തിരിച്ചുവരുന്ന വഴി ഒരു സ്കൂട്ടറില്‍ മൂന്നുപേര്‍ പോയ്ക്കൊണ്ടിരിക്കുകയായിരുന്നു, ഒറ്റയിടി, മൂന്നുപേരും തെറിച്ചുവീണു, ഇറങ്ങി അപ്പോത്തന്നെ നിനവ് എന്നോടും അമീനോടും വിട്ടോ,വിട്ടോ എന്നു പറഞ്ഞു, ഞങ്ങള്‍ പയ്യെ അവിടെനിന്നും നമ്മുടെ വണ്ടി കിടക്കുന്നിടത്തേക്ക് വന്നു. മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നുപോയി, രണ്ട് പെണ്പിള്ളേരും ഒരു ആണും, വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല, നിനവ് ഇപ്പോ സ്റ്റേഷനിലാ, ജാമ്യം കിട്ടത്തില്ല’–ശബ്ദസന്ദേശത്തില്‍ പറയുന്നു.
‘ആ മറ്റേ സുഹൈല്‍ നല്ല പോലെ അടിച്ചിട്ടുണ്ടായിരുന്നില്ലേ, അപ്പോ ആ നാട്ടുകാരോട് ഇവന് പറയുകയാ, ബാക്കിക്കാര്യങ്ങള്‍ അവന്റെ വാപ്പ നോക്കിക്കോളുമെന്ന്, അതുകേട്ട് നാട്ടുകാര്‍ അടി, ഇടി തുടങ്ങി, നിനവിനിട്ടും കിട്ടി ഇടി, ലാസ്റ്റ് പൊലീസ് വന്നു കൊണ്ടുപോയി, ഞാനും അമീനും വണ്ടിക്കകത്തുണ്ടായിരുന്നു, കയ്യും കാലുമൊക്കെ വിറയ്ക്കുകയാ എന്റെയിപ്പം.’– ജോയല്‍ സുഹൃത്തിനോട് പറയുന്നു.
മിനികൂപ്പര്‍ സ്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം എന്ന തലക്കെട്ടോട് കൂടിയ യുട്യൂബ് വിഡിയോയുടെ ലിങ്ക് അയച്ചുകൊടുത്തതായി കാണുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്നതിനു പിന്നാലെ സുഹൈലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നിനവിനേയും ജോയല്‍, അമീന് എന്നിവരേയും അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചില്ല എന്ന പ്രേരണാക്കുറ്റമാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.