• മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടക്കേസില്‍ പ്രതികളുടെ നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്. അപകടത്തിന് തൊട്ടുപിന്നാെല പ്രതികളിലൊരാള്‍ സുഹൃത്തിന് അയച്ച സന്ദേശമാണ് ലഭിച്ചത്

നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി സുഹൈല്‍ സജീവിന് കുരുക്കായി നിര്‍ണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. മൂന്നാം പ്രതിയും സുഹൈലിന്‍റെ സുഹൃത്തുമായ ജോയല്‍ മറ്റൊരു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ മദ്യപിച്ച് അപകടമുണ്ടാക്കിയതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി മറ്റെന്നാള്‍ വിധി പറയും.   Also Read: ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്റെ മരണം; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യും

നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് സുഹൈല്‍ അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ മൂന്നപേര്‍ കൊല്ലപ്പെട്ടത് ഈമാസം 11ന് പുലര്‍ച്ചെ 1.45നാണ്. രാവിലെ 9.25ന് മൂന്നാം പ്രതി ജോയല്‍ തന്‍റെ സുഹൃത്തിന് അയച്ച 1 മിനിറ്റ് 43 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശമാണ് പൊലീസിന് ലഭിച്ചത്. ശബ്ദ സന്ദേശത്തില്‍ പറയുന്നത് ഇങ്ങിനെ, പ്രതികളായ സുഹൈലും ജോയലും നിനവും ബാറില്‍ കയറി മദ്യപിച്ചു. പിന്നീട് അമിത വേഗത്തില്‍ വാഹനം ഓടിച്ചു. തിരിച്ചു വരുന്ന വഴി മൂന്ന് പേര്‍ പോവുകയായിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിച്ചു. മൂന്നുപേരും തെറിച്ചു വീണു. ജോയലിനോടും അമീനോടും രക്ഷപ്പെടാന്‍ നിനവ് നിര്‍ദേശിച്ചു. പരുക്കേറ്റവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. എല്ലാം തന്‍റെ വാപ്പ നോക്കിക്കൊള്ളുമെന്ന് സുഹൈല്‍ നാട്ടുകാരോട് പറഞ്ഞതായും ജോയലിന്‍റെ ശബ്ദ സന്ദേശത്തിലുണ്ട്.

സുഹൈല്‍ കുരുക്കുന്ന ഈ നിര്‍ണായക ശബ്ദ സന്ദേശത്തിന്‍റെ വിശദാംശങ്ങള്‍ ഇന്ന് പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്ന അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചു. അപകടശേഷം സ്ഥലത്തെത്തിയ കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞ് മൊഴിയെടുക്കേണ്ടതുണ്ടെന്നും കൂടുതലായി ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എഫ്ഐആറില്‍ പ്രതികളുടെ പേരില്ലായിരുന്നുവെന്നും നിഷ്പക്ഷമായല്ല അന്വേഷണം നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ചിരുന്ന സുഹൈലിനെ അമിത വേഗത്തില്‍ വാഹനം ഓടിക്കാന്‍ മറ്റു പ്രതികള്‍ പ്രോല്‍സാഹിപ്പിച്ചതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ബസ് ഡ്രൈവര്‍ അമിത വേഗത്തില്‍ പോകുന്നതിന് യാത്രാക്കാര്‍ ഉത്തരവാദി ആണോ എന്ന് കോടതി ചോദിച്ചു. സുഹൈല്‍ പതിവായി അമിത വേഗത്തില്‍ വാഹനമോടിക്കുന്ന വ്യക്തിയാണെന്നും സമൂഹത്തിന് ഭീഷണിയാണെന്നും നേരത്തെ അപകടമുണ്ടാക്കിയപ്പോള്‍ പിതാവ് ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ഗോപികയുടെ അഭിഭാഷകന്‍ പറഞ്ഞു. 

അതേസമയം, നെടുമ്പാശേരിയിൽ 3 പേരെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് അപകടമുണ്ടായ സമയത്ത് കാറോടിച്ചത് 160 കിലോമീറ്റർ വേഗത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടസ്ഥലത്ത് എത്തുന്നതിനു തൊട്ടുമുൻപുള്ള അര കിലോമീറ്റർ ദൂരം കാർ പിന്നിട്ടതു 11 സെക്കൻഡ് കൊണ്ടാണ്. രാത്രിയിൽ എയർപോർട്ട് റോഡിലൂടെ അമിത വേഗത്തിൽ സുഹൈൽ പാഞ്ഞതു 3 തവണയാണ്. ആദ്യ രണ്ടു തവണയും അപകടകരമായ രീതിയിലും അമിതവേഗത്തിലും വാഹനമോടിച്ച സുഹൈൽ മൂന്നാമതു കൂടുതൽ വേഗത്തിൽ കാറോടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മൂന്നാം തവണ ചീറിപ്പായുന്നതിന്റെ ദൃശ്യങ്ങൾ കൂട്ടുപ്രതികളിലൊരാൾ തന്നെ മൊബൈലിൽ പകർത്തിയതു പൊലീസിനു ലഭിച്ചതോടെയാണ് അപകടസമയത്തെ കാറിന്റെ വേഗം കണ്ടെത്താനായത്.

സുഹൈലിന്റെ കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇതിലൊരു ഫോൺ പരിശോധിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. 11ന് പുലർച്ചെ 1.41നാണു കാർ സ്കൂട്ടറിൽ ഇടിച്ചു തെറിപ്പിച്ചത്. 1.40 മുതൽ 1.41 വരെയുള്ള 60 സെക്കൻഡ് സമയത്തു വാഹനത്തിന്റെ വേഗം മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 160 വരെ എത്തുന്നതിന്റെ ദൃശ്യമാണ് സുഹൈലിന്റെ സുഹൃത്തിന്റെ ഫോണിൽ നിന്നു ലഭിച്ചത്. കാറിന്റെ പിൻസീറ്റിൽ നടുവിലിരുന്നു ചിത്രീകരിച്ച ഈ ദൃശ്യങ്ങളിൽ സ്പീഡോമീറ്റർ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്നാൽ, അപകടത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ നിന്നു ലഭിച്ചോ എന്നതു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

അമിതവേഗത്തിൽ എയർപോർട്ട് റോഡിലൂടെ വാഹനം ഓടിച്ചു മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയെന്ന ലക്ഷ്യമായിരുന്നു പ്രതിക്ക് ഉണ്ടായിരുന്നതെന്നാണു പൊലീസിന്റെ നിഗമനം. ചെറിയ ഇടവേളയിൽ മൂന്നു തവണ എയർപോർട്ട് റോഡിലൂടെ സുഹൈലിന്റെ കാർ ചീറിപ്പായുന്നതിന്റെ ദൃശ്യങ്ങൾ സിയാൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സൈലൻസറിൽ മാറ്റങ്ങൾ വരുത്തി വലിയ ശബ്ദത്തോടെയായിരുന്നു പാതിരാപ്പാച്ചിലെന്നും പൊലീസ് കണ്ടെത്തി.

ENGLISH SUMMARY:

Police have obtained a key voice message allegedly sent by one of the accused to a friend shortly after the Nedumbassery accident that killed three people. Investigators told the court that the message contained details of the crash and that the recipient advised the sender to flee the scene. The prosecution also claims that the other occupants knew the driver, Suhail, had consumed alcohol. The Angamaly court is hearing the accused's bail applications.