കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ സുൽത്താൻപുരിലെ എം.പി./എം.എൽ.എ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ പരാതി. എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന് വിധി പ്രസ്താവിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമ നിരീക്ഷിച്ചു. Also Read: പി.പി. ദിവ്യയുടെ തിരിച്ചുവരവിന് തടയിട്ട് സിപിഎം; ഇനി നിർണായകം തുടർനീക്കങ്ങൾ
2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണ് കേസിനാധാരം. അന്ന് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായെക്കുറിച്ച്, കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരാൾ ബിജെപിയുടെ തലപ്പത്തിരിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. സംഭവത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര നൽകിയ പരാതിയിലാണ് സുൽത്താൻപുരിലെ പ്രത്യേക കോടതി കേസെടുത്തത്.
അപകീർത്തിക്കേസിൽ വിധി കേൾക്കാൻ സുൽത്താൻപുര്‍ കോടതിയിലേക്ക് പോകുന്നതിനിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ലഖ്‌നൗ വിമാനത്താവളത്തിൽനിന്ന് സുൽത്താൻപുരിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹം പൂർവാഞ്ചൽ എക്‌സ്പ്രസ്‌വേയിൽവെച്ചാണ് അപകടത്തിൽപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് പിന്നിലുണ്ടായിരുന്ന അഞ്ച് അകമ്പടി വാഹനങ്ങളും ഒരു ആംബുലൻസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോൺഗ്രസ് പ്രവർത്തകർക്കും നിസാര പരുക്കേറ്റു.