pp-divya-facebook-post
  • കണ്ണൂര്‍ ജില്ലാ നേതൃനിരയിലേക്ക് തിരിച്ചുവരാനുള്ള പി.പി ദിവ്യയുടെ നീക്കത്തിന് തടയിട്ട് സിപിഎം. ദിവ്യയെ കുറിച്ച് ഒന്നും പറയാനില്ലെന്ന സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ കൃത്യമായ സന്ദേശം നല്‍കുന്നതായിരുന്നു. പാര്‍ട്ടി തഴയുന്നുവെന്ന വികാരം ശക്തമായിരിക്കെ പി.പി ദിവ്യയുടെ തുടര്‍നീക്കങ്ങള്‍ ശ്രദ്ധേയമാകും.

കണ്ണൂര്‍ ജില്ലാ നേതൃനിരയിലേക്ക് തിരിച്ചുവരാനുള്ള പി.പി ദിവ്യയുടെ നീക്കത്തിന് തടയിട്ട് സിപിഎം. ദിവ്യയെ കുറിച്ച് ഒന്നും പറയാനില്ലെന്ന സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ കൃത്യമായ സന്ദേശം നല്‍കുന്നതായിരുന്നു. പാര്‍ട്ടി തഴയുന്നുവെന്ന വികാരം ശക്തമായിരിക്കെ പി.പി ദിവ്യയുടെ തുടര്‍നീക്കങ്ങള്‍ ശ്രദ്ധേയമാകും. ബെനാമി ആരോപണവും പിന്നാലെ വിജിലന്‍സ് കേസും. നവീന്‍ ബാബുവിന്‍റെ ആത്മത്യയോടെ പൊളിറ്റിക്കല്‍ ഗ്രാഫില്‍ അടിതെറ്റി താഴേയ്ക്ക് പതിച്ച പി.പി ദിവ്യ തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന നേതൃത്വം കണ്ടമട്ടില്ല. Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം

 

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മുമ്പാണ് ദിവ്യ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. ചില നേതാക്കള്‍ തിരിച്ചുവരവ് തടയുന്നുവെന്നായിരുന്നു പരാതി. സംസ്ഥാനത്ത് സംഘടനാ തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമെന്നായിരുന്നു ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിക്ക് കത്തിനെ കുറിച്ച് ഒന്നുമറിയില്ലത്രെ. കത്ത് കിട്ടിയിട്ടില്ലെന്ന് മറുപടി. പി.പി.ദിവ്യക്കെതിരായ വിജിലന്‍സ് കേസിനെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടുള്ള പ്രതികരണങ്ങളില്‍ നിന്ന് ഒന്ന് വ്യക്തം. ഒരു സംരക്ഷണവും ദിവ്യയ്ക്ക് പാര്‍ട്ടി നല്‍കില്ല. സ്വന്തം നിലയ്ക്ക് നേരിടണമെന്ന് പറയാനും എം.വി.ഗോവിന്ദന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയം. 

കണ്ണൂരിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ദിവ്യയെ തിരിച്ചെത്തിക്കണമെന്ന് താല്‍പര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ കടുംപിടുത്തം വലിയ തിരിച്ചടിയാണ്. വിജിലന്‍സ് കേസിലും ദിവ്യയ്ക്ക് കുരുക്ക് മുറുകിയാല്‍ അതും പാര്‍ട്ടിക്ക് ബാധ്യതയാകാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നുണ്ടാകണം. പാര്‍ട്ടി പൂര്‍ണമായും കൈയ്യൊഴിയുന്നുവെന്ന സന്ദേശം എം.വി.ഗോവിന്ദന്‍ നല്‍കിയതോടെ ദിവ്യയെ വിപുലീകൃത ഏരിയാ കമ്മിറ്റിയില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യതയും മങ്ങി.

പൂര്‍ണമായും തഴയപ്പെട്ടെന്ന സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ദിവ്യയുടെ നീക്കങ്ങളാകും ഇനി ശ്രദ്ധേയം. ഇതിനകം പാര്‍ട്ടിയോട് ഇടയുന്നുവെന്ന സൂചന നല്‍കി ദിവ്യ പോസ്റ്റിട്ടതിലെ വരികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു കരയിൽ നിന്നും മറു കരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ലെന്നും അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നുമായിരുന്നു പാര്‍ട്ടി വിടുന്നുവെന്ന സൂചന നല്‍കിയുള്ള എഫ്ബി പോസ്റ്റ്.  ദിവ്യയുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ് ബിജെപി അടക്കമുള്ള പാര്‍ട്ടികളും. ദിവ്യയെ സ്വീകരിക്കാന്‍ സന്നദ്ധമെന്ന പാതി മനസിലാണ് ബിജെപി. എന്നാല്‍ അതൃപ്തി പുകയുന്നതിനിടയിലും വിപുലീകൃത ജില്ലാ കമ്മിറ്റിയോടനുബന്ധിച്ച് സിപിഎം നടത്തിയ ബഹുജന റാലിയില്‍ ബ്രാഞ്ച് അംഗമെന്ന നിലയില്‍ ദിവ്യ എത്തിയിരുന്നു.

ENGLISH SUMMARY:

The CPM state leadership appears reluctant to support PP Divya’s bid to return to the party’s Kannur district leadership. Following the controversy surrounding Naveen Babu’s death and the Vigilance case against her, Divya reportedly approached the party’s central leadership, alleging that certain leaders were obstructing her return. State secretary MV Govindan’s response offered little indication of support. Meanwhile, Divya’s cryptic Facebook post has fuelled speculation about a possible rift with the CPM, while the BJP and other political parties await her next move. Despite the uncertainty, she attended a CPM public rally as a branch-level member.