• ചേരാനല്ലൂരില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചതില്‍ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ഇരിങ്ങാലക്കുട എം.എ.സി.ടി. ജഡ്ജിയെ സസ്പെന്‍‍ഡു ചെയ്യും

കൊച്ചി ചേരാനല്ലൂരിൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയായ ജഡ്ജിയെ സസ്‌പെൻഡ് ചെയ്യും. പതിനേഴുകാരന്റെ പിതാവായ ഇരിങ്ങാലക്കുട M.A.C.T ജഡ്ജിയെ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ഹൈക്കോടതി ആരംഭിച്ചു. വിമർശനങ്ങൾക്കൊടുവിൽ ജഡ്ജിക്കെതിരെ പൊലീസ് ഇന്ന് കേസെടുത്തു കൊച്ചി ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ചതിൽ പിതാവായ ജഡ്ജിക്കെതിരെ കേസെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനമാണ് പൊലീസിനെതിരെ ഉയർന്നത്. എന്നാൽ ഇന്നലെ തന്നെ നടപടികളിലേക്ക് ഹൈക്കോടതി കടന്നുവെന്നാണ് വിവരം. കർശന നടപടിയെടുക്കാൻ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാർക്ക്, തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകിയിരുന്നു. പതിനേഴുകാരൻ്റെ പിതാവായ ഇരിങ്ങാലക്കുട M.A.C.T ജഡ്ജിയെ സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം.  Also Read: ‘വേഗത മണിക്കൂറിൽ 104 കിലോമീറ്റർ’ മൊബൈൽ ദൃശ്യങ്ങൾ കുടുക്കി

ഇതിന്റെ ആദ്യപടിയായി ജഡ്ജിയോട് റജിസ്ട്രാർ വിശദീകരണം തേടി. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന്റെ പശ്ചാത്തലത്തിൽ, മോട്ടോർ വാഹന നിയമം 199A വകുപ്പ് പ്രകാരം ആർ.സി ഉടമ കേസിൽ പ്രതി ചേർക്കപ്പെടും. ഈ സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി നടപടിയെടുക്കുമെന്ന വാർത്ത മനോരമ ന്യൂസ് പുറത്തുവന്നതിന് പിന്നാലെ ജഡ്ജിക്കെതിരെ കേസെടുത്തു. അപകടവുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കളിരാജ് മഹേഷ് കുമാർ പറഞ്ഞു. മൊബൈൽ ദൃശ്യങ്ങൾ അടക്കം കൂടുതൽ തെളിവുകൾ ലഭിച്ചപ്പോൾ തന്നെ നരഹത്യ വകുപ്പ് ചുമത്തി. ജുവനൈൽ ജസ്റ്റീസ് ബോർഡ് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്നും കമ്മീഷണർ. Also Read: ചേരാനല്ലൂര്‍ അപകടം; ജഡ്ജിയുടെ മകന് ജാമ്യം


കേസിന്റെ അന്വേഷണത്തിലും തുടർനടപടികളിലും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആവശ്യപ്പെട്ടു. പിതാവ് തട്ടുകട നടത്തിപ്പുകാരനായിരുന്നതിനാലാണ് പൊലീസ് കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതെന്നും അവർ ആരോപിച്ചു.

സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഭദ്രകീർത്തി അറിയിച്ചു. നീതി ലഭിക്കുന്നതുവരെ നിരാഹാരസമരം നടത്തുമെന്നും അവർ വ്യക്തമാക്കി.

ENGLISH SUMMARY:

The Kerala High Court has reportedly decided to suspend an Irinjalakuda MACT judge following a fatal Cheranalloor car accident involving his 17-year-old son. The judge is also the registered owner of the vehicle and has reportedly been named as an accused in the case. Police say the car was travelling at 104 km/h shortly before the crash. A special investigation team will probe the incident and the deceased's family's complaint. The victim's daughter, Bhadrakeerthi, has demanded action against police officers over alleged investigative lapses and vowed to launch a hunger strike until justice is served.