കൊല്ലത്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന തിമിംഗല ഛർദി പൊലീസ് പിടികൂടി. വാടിയിൽ മത്സ്യബന്ധന വലകൾ സൂക്ഷിക്കുന്ന ലോക്കർ റൂമിൽ നിന്നാണ് 22 കിലോയിലേറെ തൂക്കമുള്ള തിമിംഗല ഛർദി കണ്ടെടുത്തത്. കള്ളനോട്ട് കേസിലെ പ്രതി സിബിയോണിന്റെ ഉടമസ്ഥതയിലുള്ള ലോക്കറിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തിമിംഗല ഛര്‍ദിയെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ഇവര്‍ സ്ഥിരീകരിക്കുകയുമായിരുന്നു.
വിപണിയില്‍ 25 കോടിയോളം മൂല്യമാണ് കണ്ടെടുത്ത തിമിംഗല ഛര്‍ദിക്കുള്ളത്.ചാക്കുകെട്ടില്‍ നാല് പോളിത്തീന്‍ കവറിലാക്കിയ നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. അഞ്ചലില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തിമിംഗല ഛര്‍ദി തന്നെയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച രാത്രിയില്‍ സിബിയോണിന്‍റെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന പ്രിന്‍ററുകളും നോട്ടെണ്ണുന്ന യന്ത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എന്താണ് തിമിംഗല ഛര്‍ദി?
സ്പേം തിമിംഗലങ്ങളുടെ ദഹന വ്യവസ്ഥയില്‍ ഉണ്ടാക്കപ്പെടുന്ന ഒരുതരം വസ്തുവാണിത്. തിമിംഗലങ്ങളുടെ വയറ്റില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഇവ, കുറഞ്ഞ സാന്ദ്രത കാരണം, വര്‍ഷങ്ങളോളം വെള്ളത്തില്‍ പൊങ്ങിക്കിടക്കും. തിരമാലകളില്‍പ്പെട്ടാണ് കേരള തീരത്തുള്‍പ്പടെ ഇവ എത്തുന്നത്. പെര്‍ഫ്യൂം ഉണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. പെര്‍ഫ്യൂമിന്‍റെ മണം പെട്ടെന്ന് ആവിയായി പോകാതെ നില്‍ക്കാന്‍ തിമിംഗല ഛര്‍ദി സഹായിക്കും. രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഇതിന്‍റെ വില്‍പ്പന പലയിടത്തും നിരോധിച്ചിട്ടുണ്ട്. കടല്‍പ്പവിഴം എന്നും പൊന്നഴുകല്‍ എന്നും തിമിംഗല ഛര്‍ദിയെ പറയാറുണ്ട്.